സിദാൻ മാഡ്രിഡിൽ തിരിച്ചെത്തുന്നു, റയലിന് എതിരാളികൾ സെൽറ്റ വിഗോ

ലാ ലീഗയിൽ റയൽ മാഡ്രിഡ് ഇന്ന് സെൽറ്റാ വീഗോയെ നേരിടും. ഫ്രെഞ്ച് ഇതിഹാസ താരം സിനദിൻ സിദാൻ പരിശീലകനായി സാന്റിയാഗോ ബെർണാബ്യൂവിൽ ഇന്ന് തിരിച്ചെത്തും. റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ മൂന്ന് തവണ കിരീടം ഉയർത്തിയ സിദാൻ കഴിഞ്ഞ സീസണിനൊടുവിലാണ് മാഡ്രിഡ് വിട്ടത്. സിദാന് പകരക്കാരനായി ലോപെറ്റെയിയും സൊളാരിയും വന്നെങ്കിലും റയലിനെ പഴയ പ്രതാപത്തിലേക്ക് ഉയർത്താനായിരുന്നില്ല.

സിദാന്റെ മടങ്ങിവരവിലെ ആദ്യ മത്സരം എന്ന നിലയ്ക്ക് തന്നെയാണ് ഫുട്ബോൾ ആരാധകരും നിരീക്ഷകരും ഈ മത്സരത്തിന്റെ വിലയിരുത്തുന്നത്. ബാഴ്‌സയോടും അയാക്സിനോടും പരാജയമേറ്റുവാങ്ങിയ റയൽ സോളാരിയുടെ അവസാന മത്സരത്തിൽ വല്ലഡോയിഡിനോട് ജയിച്ചിരുന്നു. ലാ ലീഗയിൽ 18 ആം സ്ഥാനത്തുള്ള സെൽറ്റ വീഗൊ റയലിന് പറ്റിയ എതിരാളികളെയല്ല.

റെലിഗെഷൻ ഭീഷണിയിൽ പെട്ടുഴലുന്ന ടീമിന് ഒരു ജയം അത്യാവശ്യമാണ്. ഗെറ്റാഫെയെക്കളിലും 6 പോയന്റ് കൂടുതലുള്ള റയൽ ലീഗിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന് 5 പോയന്റ് പിന്നിലാണ് റയൽ. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് റയലിനേക്കാൾ 12 പോയിന്റിന്റെ ലീഡുണ്ട്. ഇന്ന് വൈകിട്ട് ആണ് കിക്കോഫ്.