സ്പാനിഷ് ലാ ലീഗ കിരീടം രാജകീയമായി ഉറപ്പിച്ചു റയൽ മാഡ്രിഡ്, റെക്കോർഡ് കുറിച്ചു ആഞ്ചലോട്ടിയും മാഴ്സെലോയും

എസ്പന്യോളിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്തു സ്പാനിഷ് ലാ ലീഗ കിരീടം ഉയർത്തി റയൽ മാഡ്രിഡ്. റയൽ മാഡ്രിഡ് ചരിത്രത്തിലെ 35 മത്തെ ലീഗ് കിരീടം ആണ് ഇത്. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയാണ് റയൽ കളത്തിൽ ഇറങ്ങിയത്. ആദ്യ പകുതിയിൽ 33, 43 മിനിറ്റുകൾകളിൽ ഗോൾ കണ്ടത്തിയ ബ്രസീലിയൻ താരം റോഡ്രിഗോ റയലിന് മികച്ച തുടക്കം ആണ് നൽകിയത്. മാഴ്സെലോയുടെ പാസിൽ നിന്നു ആദ്യ ഗോൾ നേടിയ റോഡ്രിഗോ രണ്ടാം ഗോൾ ഹെരേരയുടെ പിഴവിൽ നിന്നാണ് നേടിയത്. രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ എസ്പന്യോളിന്റെ ശ്രമങ്ങൾ ഉണ്ടായപ്പോൾ കൗണ്ടർ അറ്റാക്കിലൂടെ റയൽ തിരിച്ചടിച്ചു. ലൂക മോഡ്രിച്ച്, കാമവിങ്ക എന്നിവർ തുടങ്ങി വച്ച കൗണ്ടർ അറ്റാക്ക് 55 മത്തെ മിനിറ്റിൽ ലക്ഷ്യം കണ്ട അസൻസിയോ റയൽ മാഡ്രിഡ് ജയം ഉറപ്പിക്കുക ആയിരുന്നു.

Realmadrid

അവസാന ഇരുപതു മിനിറ്റുകളിൽ കരീം ബെൻസെമയെയും വിനീഷ്യസ് ജൂനിയറിനെയും ആഞ്ചലോട്ടി കളത്തിൽ ഇറക്കി. 81 മത്തെ മിനിറ്റിൽ വിനീഷ്യസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ബെൻസെമ റയലിന്റെ കിരീടധാരണം രാജകീയമാക്കി. അതുഗ്രൻ നീക്കം തന്നെ ആയിരുന്നു ഇതും. കിരീട നേട്ടത്തോടെ ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങൾക്ക് പിറകെ സ്‌പെയിനിലും ലീഗ് കിരീടം ഉയർത്തുക എന്ന അപൂർവ നേട്ടം റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി കൈവരിച്ചു.

അതേസമയം റയൽ മാഡ്രിഡ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമായി ബ്രസീലിയൻ താരം മാഴ്സെലോ മാറി. റയൽ കരിയറിൽ മാഴ്സെലോയുടെ 24 മത്തെ കിരീടം ആണ് ഇത്. 26 ലാ ലീഗ കിരീടങ്ങൾ ഉള്ള ബാഴ്‌സലോണയും ആയുള്ള അകലം 9 കിരീടങ്ങൾ ആക്കാനും റയലിന് ഇതോടെ ആയി.

Exit mobile version