റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി

ലാ ലീഗയിലെ പുതുമുഖങ്ങളായ ജിറോണയുടെ കയ്യിൽ നിന്ന് റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. 2-1 നാണ് വിജയം മാത്രം മുന്നിൽ കണ്ടിറങ്ങിയ സിദാനെയും സംഘത്തെയും ജിറോണ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ 1-0ന് റയൽ മാഡ്രിഡ് മുന്നിട്ട് നിന്നതിനു ശേഷമാണ് ശക്തമായ തിരിച്ചു വരവ് നടത്തി ജിറോണ വിജയം പിടിച്ചെടുത്തത്.  തോൽവിയോടെ ലാ ലിഗയിൽ റയൽ മാഡ്രിഡിന്റെ നില കൂടുതൽ പരുങ്ങലിലായി. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയെക്കാൾ 8 പോയിന്റ് പിറകിലാണ് റയൽ മാഡ്രിഡ്.

തുടക്കം മുതൽ അവസാനംവരെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ ജിറോണ തോൽപ്പിച്ചത്. പേരുകേട്ട റയൽ മാഡ്രിഡ് ആക്രമണ നിരയെ തടഞ്ഞു നിർത്തുന്നതിൽ വിജയിച്ച ജിറോണ ഒന്നാം പകുതിയിൽ പോസ്റ്റിൽ തട്ടിയ രണ്ട് അവസരങ്ങൾ കൂടി ഗോളായിരുന്നെങ്കിൽ റയൽ മാഡ്രിഡിന്റെ തോൽവിയുടെ ആഴം കൂടിയേനെ.കളിയുടെ 12ആം മിനുട്ടിൽ ഇസ്കോയിലൂടെ റയൽ മാഡ്രിഡാണ് ആദ്യം ലീഡ് നേടിയത്. ബെൻസീമയും റൊണാൾഡോയും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ  റൊണാൾഡോയുടെ ഷോട്ട് ഗോൾകീപ്പർ ബോണോ രക്ഷപെടുത്തിയെങ്കിലും  ബോക്സിലേക്ക് കുതിച്ചെത്തിയ ഇസ്കോ ഗോളാക്കുകയായിരുന്നു.

പക്ഷെ രണ്ടാം പകുതിയിൽ  നാല് മിനുട്ടിനിടയിൽ രണ്ട് ഗോളടിച്ച് കൊണ്ട് ജിറോണ റയൽ മാഡ്രിഡിനെ ഞെട്ടിച്ച് കൊണ്ട് ലീഡ് സ്വന്തമാക്കി. 54ആം മിനുറ്റിൽ പേരെ പോൺസിന്റെ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ സ്റ്റുവാനിയാണ് ജിറോണയുടെ ആദ്യ ഗോൾ നേടിയത്. ആദ്യ ഗോൾ വഴങ്ങിയതിന്റെ ഞെട്ടൽ മാറുന്നതിനു മുൻപ് തന്നെ ജിറോണ രണ്ടാമത്തെ ഗോളും നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു.  സ്റ്റുവാനിയുടെ മറ്റൊരു മുന്നേറ്റം റയൽ മാഡ്രിഡ് ഗോൾ കീപ്പർ രക്ഷപെടുത്തിയെങ്കിലും തുടർന്ന് പന്ത് ലഭിച്ച മഫിയോയുടെ ഷോട്ട് ബാക് ഹീൽ ചെയ്ത് പോർട്ടു ഗോളാക്കുകയായിരുന്നു.

സിദാൻ അസെൻസിയോ ഇറക്കി ആക്രമണം ശക്തമാക്കിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപുതിയ പരിശീലകന് കീഴിൽ ആദ്യ ജയം സ്വന്തമാക്കി ലെസ്റ്റർ
Next articleസംഘർഷത്തിനും മൂന്നു ചുവപ്പു കാർഡുകൾക്കും ശേഷം ഗലാറ്റസറെക്ക് ആദ്യ തോൽവി