ഒന്നാം സ്ഥാനമുറപ്പിക്കാൻ റയൽ

- Advertisement -

ലാ ലിഗ കിരീടം  ഉറപ്പിക്കാൻ റയൽ മാഡ്രിഡ് ഇന്ന് ലാസ് പാൽമാസിനെ നേരിടും. രണ്ടു ഗോളിന് പിറകിൽ നിന്നതിനു ശേഷം വില്ലാ റയലിനെതിരെ ജയിച്ച ആത്മവിശ്വാസവുമായാണ് റയൽ ഇന്നിറങ്ങുക. പകരക്കാരനായി ഇറങ്ങിയ അൽവാരോ മൊറാട്ടയാണ് റയലിന് വേണ്ടി വിജയ ഗോൾ നേടിയത്. 2017ലെ മൂന്നാമത്തെ പരാജയം മുന്നിൽ കണ്ട സമയത്താണ് സിദാന്റെ ടീം മികച്ച തിരിച്ചു വരവ് നടത്തി വിജയം നേടിയത്.  ബാഴ്സയെക്കാൾ ഒരു മത്സരം കുറച്ചു കളിച്ചതിന്റെ ആത്മവിശ്വാസവും സിദാന്റെ ടീമിനുണ്ട്.

ഈ വർഷത്തിന്റെ തുടക്കം വരെ ലീഗിൽ പരാജയമറിയാതെ മുന്നേറിയ റയൽ സെവിയ്യയോടും സെൽറ്റ വിഗയോടും ഏറ്റ തോൽവികൾ ബാഴ്സിലോണക്ക് റയലുമായുള്ള പോയിന്റ് വ്യത്യാസം കുറക്കാൻ സഹായിച്ചു. ഒരു വിജയത്തിൽ കുറഞ്ഞതൊന്നും ഈ അവസരത്തിൽ റയൽ പ്രതീക്ഷിക്കുന്നില്ല. പരിക്കിൽ നിന്നും തിരിച്ചു വന്ന ഗാരെത് ബെയ്ൽ മികച്ച ഫോമിലാണ്. റൊണാൾഡോയും ബെയ്‌ലും അടങ്ങുന്ന ആക്രമണ നിരയെ എങ്ങനെ പിടിച്ചു നിർത്തു എന്നതാവുംലാസ് പാൽമാസ് നേരിടുന്ന പ്രധാന പ്രശ്‌നം.  തുടർച്ചയായി നാല് പരാജയങ്ങളുടെ കണക്കുമായാണ് ലാസ് പാൽമാസ് റയലിനെ നേരിടാൻ ബെർണാബ്യൂവിൽ എത്തുന്നത്.  ലീഗിൽ 12ആം സ്ഥാനത്താണ്  ലാസ് പാൽമാസ്. എതിരാളികൾ അവസാനം കളിച്ച 7 മത്സരങ്ങളിൽ ഒന്ന് മാത്രമാണ് ജയിക്കാനായതെന്നതും റയലിന് കരുത്ത് പകരും. മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടും റയൽ സോസിഡാഡിനോട് തോറ്റതോടെ ലാസ് പാൽമാസിനു ആത്മവിശ്വാസം വീണ്ടെടുക്കാൻ ഒരു സമനില എങ്കിലും നേടണം.

സെപ്റ്റംബറിൽ ഇരു ടീമുകളും ലാസ് പാൽമാസ് ഗ്രൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം 2 – 2 നു സമനിലയിൽ അവസാനിക്കുകയായിരുന്നു. പരിക്ക് മൂലം റാഫേൽ വരനെ ഇന്ന് കളിക്കില്ല. കസെമിറോക്കു ഇന്ന് സിദാൻ വിശ്രമം നൽകിയേക്കും. മുൻ റയൽ മാഡ്രിഡ് ഫോർവേഡ് ജെസ്സെയുടെ തിരിച്ചു വരവ് കൂടിയാകും ഈ മത്സരം.  കഴിഞ്ഞ വർഷം പാരീസ് സെന്റ് ജർമൈൻ ചേർന്ന ജെസ്സെ അവിടെ നിന്ന് ലോണിലാണ് ലാസ് പാൽമാസിൽ എത്തിയത്.  മൂന്ന് പോയിന്റിൽ കുറവായി റയൽ എന്ത് നേടിയാലും അത് ലാ ലിഗ കിരീട പോരാട്ടത്തിൽ നിർണായകമാകും

Advertisement