റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ റയൽ, ഇറ്റലിയിൽ വമ്പൻ ജയവുമായി എ.സി മിലാൻ

- Advertisement -

സ്പാനിഷ് ലാ ലീഗയിൽ സിദാൻ്റെ റയൽ മാഡ്രിഡ് കുതിപ്പ് തുടരുകയാണ്. വർഷങ്ങളായി നേടാനാവാത്ത ലാ ലീഗ ഇത്തവണ നേടാനാവും എന്ന പ്രതീക്ഷയിലാണവർ. കഴിഞ്ഞ 25 മത്സരങ്ങളിലായി ലാ ലീഗയിൽ പരാജയമറിയാത്ത റയൽ എൽ ക്ലാസിക്കോക്ക് മുമ്പുള്ള മത്സരം റൊണാൾഡോയുടെ മികവിലാണ് ജയിച്ചത്. പൊരുതി കളിച്ച സ്പോർട്ടിങ് ഗിയോണെതിരെ ഒന്നിനെതിരെ 2 ഗോളിനായിരുന്നു അവരുടെ ജയം. പരികേറ്റ ഗാരത് ബെയിലിൻ്റെ അഭാവത്തിലിറങ്ങിയ റയലിനായി പെനാൾട്ടിയിലൂടെയും ഹെഡറിലൂടെയുമായിരുന്നു റൊണാൾഡോ ഗോളുകൾ നേടിയത്. ഇതോടെ 33 പോയിൻ്റുമായി റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ലീഗിലെ മറ്റൊരു മത്സരത്തിൽ സെവിയ്യ വലൻസിയെ സമാനമായ ഗോൾ നിലയിൽ തന്നെ മറികടന്നു. ചാമ്പ്യൻസ് ലീഗിൽ യുവെക്കെതിരായ പരാജയത്തിൻ്റെ നിരാശ മായിക്കാനിറങ്ങിയ സാമ്പോളിയുടെ ടീം ഇതോടെ ലീഗിൽ രണ്ടാമതെത്തി. ബാഴ്സലോണ, അത്ലെറ്റികോ മാഡ്രിഡ്‌, വിയ്യ റയൽ ടീമുകൾ ഇന്ന് മത്സരത്തിനിറങ്ങും. ബാഴ്സക്ക് റയൽ സോസിദാഡും അത്ലെറ്റികോക്ക് ഓസാസുനയുമാണ് എതിരാളികൾ.

ഇറ്റാലിയൻ സീരി എയിൽ എമ്പോളിക്കെതിരെ ലാപലോടയുടെ ഇരട്ട ഗോൾ മികവിൽ ഒന്നിനെതിരെ 4 ഗോളിനായിരുന്നു എ.സി മിലാൻ്റെ വിജയം. ഇതോടെ ലീഗിൽ റോമയെ മറികടന്ന് രണ്ടാമതെത്താൻ അവർക്കായി. മറ്റൊരു മത്സരത്തിൽ കരുത്തരായ ടോറിനോയും വിജയം കണ്ടു. പ്രമുഖ ടീമുകളായ യുവൻ്റെസ്, റോമ ടീമുകൾ ഇന്നും നാപ്പോളി ഇൻ്റർ തുടങ്ങിയ ടീമുകൾ നാളെയുമായി മത്സരത്തിനിറങ്ങും. കരുത്തരായ ഫിയോറൻ്റീനയാണ് ഇൻ്ററിൻ്റെ എതിരാളികൾ

Advertisement