ബാഴ്സലോണയെ ചിത്രത്തിലേ ഇല്ലാതാക്കി റയൽ, സൂപ്പർ കപ്പ് കിരീടം മാഡ്രിഡിൽ

- Advertisement -

പരാജയങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും റയൽ മാഡ്രിഡിന് മുന്നിൽ അടുത്ത കാലത്തൊന്നും ബാഴ്സലോണ ഇങ്ങനെ പതറിയിട്ടില്ല. സൂപ്പർ കോപ്പ രണ്ടാം പാദത്തിലും ബാഴ്സലോണയെ തകർത്തെറിഞ്ഞു കൊണ്ട് 2017-18ലെ സ്പെയിനിലെ ആദ്യ കിരീടവും സീസണിലെ രണ്ടാം കിരീടവും സിദാനും സംഘവും മാഡ്രിഡിലേക്ക് എടുത്തു. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇന്ന് ബാഴ്സയെ മാഡ്രിഡ് സ്വന്തം തട്ടകത്തിൽ വെച്ച് പരാജയപ്പെടുത്തിയത്. ഇരു പാദങ്ങളിലുമായി 5-1ന് വിജയത്തോടെയാണ് മാഡ്രിഡ് കിരീടത്തിൽ മുത്തമിട്ടിരിക്കുന്നത്.കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി യുവേഫ സൂപ്പർ കപ്പും റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു.

റയൽ മാഡ്രിഡിന്റെ സൂപ്പർ താരം റൊണാൾഡോയുടെ അഭാവം പോലും അറിയിക്കാത്ത തരത്തിലായിരുന്നു രണ്ടാം പാദത്തിന് ഇറങ്ങിയ റയലിന്റെ പ്രകടനം. 3-1ന്റെ ആദ്യ പാദ ലീഡുമായി ഇറങ്ങിയ റയൽ ഇന്ന് വീണ്ടും ലക്ഷ്യം കാണാൻ എടുത്തത് കളി തുടങ്ങി വെറും നാലു മിനുട്ട് മാത്രം. നാലാം മിനുട്ടിൽ പെനാൾട്ടി ബോക്സിനും പുറത്ത് നിന്ന് അസൻസിയോ തൊടുത്ത ഇടം കാലൻ ഷോട്ട് ടെർ സ്റ്റേഗനെ കീഴ്പ്പെടുത്തുക ആയിരുന്നു. ആദ്യ പാദത്തിലും അസൻസിയോ ലക്ഷ്യം കണ്ടിരുന്നു.

രണ്ടാം ഗോൾ പിറക്കാൻ 39 മിനുട്ട് വരെ‌ കാത്തിരിക്കേണ്ടി വന്നു എങ്കിലും ഇതിനിടയിൽ നിരവധി തവണ ടെർ സ്റ്റേഗൻ രക്ഷകനായതാണ് ബാഴ്സയെ ഇതിലും വലിയ സ്കോറിൽ നിന്ന് രക്ഷിച്ചത്. 39ാം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്നും മാർസേലോ നൽകിയ ഡ്രില്ലിഡ് ക്രോസിൽ നിന്നായിരുന്നു റയലിന്റെ രണ്ടാം ഗോൾ പിറന്നത്. ക്രോസ് സ്വീകരിച്ച ബെൻസീമ മികച്ച ഫിനിഷിലൂടെ പന്ത് ഗോൾ വലയുടെ വലതു മൂലയിൽ എത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ മെച്ചപ്പെട്ട തുടക്കം ബാഴ്സയ്ക്ക് ലഭിച്ചെങ്കിലും പരിക്കേറ്റ ഡിഫൻഡർ പികെയെ 52ാം മിനുട്ടിൽ ബാഴ്സയ്ക്ക് നഷ്ടമായി. മെസ്സിക്ക് കിട്ടിയ അവസരം ക്രോസ് ബാറിൽ തട്ടി മടങ്ങിയതും ബാഴ്സയ്ക്ക് നിരാശ സമ്മാനിച്ചു. എഴുപതാം മിനുട്ടിൽ വീണ്ടും ബാഴ്സയ്ക്ക് വില്ലനായി പോസ്റ്റ് നിന്നു. മെസ്സിയുടെ ഷോട്ട് നവാസ് രക്ഷപ്പെടുത്തി എങ്കിലും റീബൗണ്ട് ചെയ്ത സുവാറസിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങുക ആയിരുന്നു.

മത്സരത്തിൽ റയലിനു വേണ്ടി അസൻസിയോ ബെൻസീമ മോഡ്രിച്ച് എന്നിവർ മികച്ചു നിന്നു. സിദാന്റെ മാനേജിംഗ് കരിയറിലെ ഏഴാം കിരീടമാണിത്. അവസാന 25 എൽ ക്ലാസിക്കോയിൽ ബാഴ്സ സ്കോർ ചെയ്യാത്ത ആദ്യ എൽ ക്ലാസിക്കോയും ആയി ഇത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement