റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് ഗെറ്റാഫെ

ലാ ലീഗ കിരീട പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡിന് വെല്ലുവിളി സൃഷ്ടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി റയൽ മാഡ്രിഡ്. ഇന്ന് ഗെറ്റാഫെക്കെതിരായ മത്സരത്തിൽ സമനിലയിൽ കുടുങ്ങിയതോടെയാണ് അത്ലറ്റികോ മാഡ്രിഡിന് തൊട്ടുപിറകിൽ എത്താനുള്ള അവസരം റയൽ മാഡ്രിഡ് നഷ്ടപ്പെടുത്തിയത്. മത്സരത്തിൽ റയൽ മാഡ്രിഡിനെക്കാൾ കൂടുതൽ അവസരങ്ങൾ സൃഷ്ട്ടിച്ചത് ഗെറ്റാഫെ ആയിരുന്നു. എന്നാൽ റയൽ മാഡ്രിഡ് ഗോൾ കീപ്പർ തിബോ ക്വർട്ടയുടെ മികച്ച രക്ഷപെടുത്തലുകൾ അവർക്ക് തുണയായി. കൂടാതെ റയൽ മാഡ്രിഡ് താരം മരിയാനയുടെ ഗോൾ വാർ ഇടപെട്ട് നിഷേധിക്കുകയും ചെയ്തു.

സൂപ്പർ താരങ്ങളായ കരീം ബെൻസേമ, ടോണി ക്രൂസ് എന്നിവർക്ക് വിശ്രമം അനുവദിക്കാനുള്ള പരിശീലകൻ സിദാന്റെ ശ്രമം അവർക്ക് തിരിച്ചടിയാവുകയായിരുന്നു. സമനിലയിൽ കുടുങ്ങിയതോടെ റയൽ മാഡ്രിഡ് അത്ലറ്റികോ മാഡ്രിഡിന് 3 പോയിന്റ് പിറകിൽ രണ്ടാം സ്ഥാനത്താണ്. അതെ സമയം ഒരു മത്സരം കുറച്ചു കളിച്ച ബാഴ്‌സലോണ അടുത്ത മത്സരം ജയിച്ചാൽ റയൽ മാഡ്രിഡിനെ മറികടന്ന് ലാ ലീഗ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തും.

Exit mobile version