ബാഴ്‌സലോണ – റയൽ മാഡ്രിഡ് എൽ ക്ലാസിക്കോ യുദ്ധം ഇന്ന്

- Advertisement -

എൽ ക്ലാസിക്കോ പോരാട്ടത്തിൽ ലാ ലീഗ ചാമ്പ്യന്മാരായ ബാഴ്‌സലോണ ഇന്ന് സ്വന്തം തട്ടകത്തിൽ റയൽ മാഡ്രിഡിനെ നേരിടും. ലാ ലീഗ കിരീടം നേരത്തെ ഉറപ്പിച്ചെങ്കിലും എൽ ക്ലാസികോ ഇന്നും സ്പാനിഷ് ഫുട്ബോളിലെ നിർണായക മത്സരമാണ്. ലീഗിൽ ഇതുവരെ പരാജയം അറിയാതെ കുതിക്കുന്ന ബാഴ്‌സലോണ അത് തുടരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതെ സമയം ബയേൺ മ്യൂണിക്കിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ തോല്പിച്ച് തുടർച്ചയായി മൂന്നാം തവണയും ഫൈനലിൽ എത്തിയതിന്റെ ആത്മവിശ്വാസവുമായാണ് സിദാനും സംഘവും ഇന്ന് ബാഴ്‌സലോണയെ നേരിടാനിറങ്ങുന്നത്.

ഈ സീസണിന്റെ അവസാനത്തോടെ ബാഴ്‌സലോണ വിടുന്ന ഇനിയേസ്റ്റ പരിക്ക് മാറി ബാഴ്‌സലോണ നിരയിൽ തിരിച്ചെത്തും. ഇനിയേസ്റ്റയുടെ അവസാന എൽ ക്ലാസിക്കോയാവും ഇന്നത്തേത്.  റയൽ മാഡ്രിഡ് നിരയിൽ പ്രതിരോധ നിരയിൽ റാഫേൽ വരാൻ പരിക്ക് മൂലം ഇന്നത്തെ മത്സരത്തിന് ഇറങ്ങില്ല. ഡാനി കാർവഹാളും ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ലെന്ന് ഉറപ്പാണ്. ഷോൾഡർ ഇഞ്ചുറി കാരണം ബയേൺ മ്യൂണിക്കിനെതിരെ മത്സരത്തിൽ കളിക്കാതിരുന്ന ഇസ്കോ കളിക്കുന്ന കാര്യവും സംശയമാണ്.

കഴിഞ്ഞ മത്സരത്തിൽ ഡീപോർട്ടിവയെ തോൽപിച്ച് ലാ ലീഗ ജേതാക്കളായ ബാഴ്‌സലോണക്ക് ഗാർഡ് ഓഫ് ഹോണർ നൽകേണ്ടതില്ലെന്ന് റയൽ മാഡ്രിഡ് തീരുമാനിച്ചിരുന്നു.  ക്ലബ് ലോകകപ്പ് നേടിയ സമയത്ത് ബാഴ്‌സലോണ റയൽ മാഡ്രിഡിന് ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നില്ല. ഗാർഡ് ഓഫ് ഹോണറിനെ ചുറ്റിപറ്റി മത്സരം തുടങ്ങുന്നതിനു മുൻപ് തന്നെ വിവാദങ്ങൾ തുടങ്ങിയിട്ടുണ്ട്.

നാല് മത്സരങ്ങൾ കൂടി പരാജയമറിയാതെ പൂർത്തിയാകുകയാണെങ്കിൽ ലാ ലീഗയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സീസൺ മുഴുവൻ തോൽവിയറിയാതെ കുതിച്ച റെക്കോർഡ് ബാഴ്‌സലോണക്ക് സ്വന്തമാവും. നേരത്തെ ലാ ലീഗയിൽ ഏറ്റവും കൂടുതൽ മത്സരം പരാജയമറിയാതെ കുതിച്ച റെക്കോർഡ് ബാഴ്‌സലോണ സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement