
പൊരുതി നിന്ന ആൽവേസിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോൽപ്പിച്ച് റയൽ മാഡ്രിഡ്. ഇതോടെ ലാ ലീഗാ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്താൻ റയലിനായി. 28 കളികളിൽ റയലിന് 68പോയിന്റുണ്ട്. രണ്ടാം പകുതിയിൽ മികച്ച പ്രകടനം നടത്തിയിട്ടും ആൽവേസിന് ഗോൾ നേടാനായില്ല.
മികച്ച തുടക്കമാണ് റയലിന് ലഭിച്ചതെങ്കിലും 11 മിനുട്ടിൽ പ്രധിരോധ താരം റാഫേൽ വരാനെ പരിക്കേറ്റു പുറത്തുപോയത് തിരിച്ചടിയായി. പക്ഷെ ബെയ്ൽ, ബെൻസീമ, ക്രിസ്റ്റ്യാനോ കൂട്ടുകെട്ട് ആൽവേസ് ഗോൾ മുഖം നിരന്തരം വിറപ്പിച്ചു. അതിനു പ്രതിഫലമെന്നോണം 31ആം മിനുട്ടിലാണ് റയൽ ബെൻസീമയിലൂടെ ആദ്യ ഗോൾ നേടിയത്. റയലിന്റെ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ വലതു ഭാഗത്തുനിന്ന് കാർവാഹലിന്റെ മികച്ചൊരു റിവേഴ്സ് പാസ് ബെൻസീമ ഗോളാക്കിമാറ്റുകയായിരുന്നു.
ഒന്നാം പകുതിക്കു വിപരീതമായി ആൽവേസാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഗോൾ നേടി മത്സരം സമനിലയിലാക്കാനുള്ള മികച്ച അവസരങ്ങൾ അവർക്കു ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാൻ അവർക്ക് സാധിച്ചില്ല. എഡ്ഗർ മെൻഡസും ഡെയ്വേഴ്സണും മികച്ച അവസരങ്ങൾ പാഴാക്കി. അതിനിടയിൽ 54ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ ആൽവേസ് വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു.
86 ആം മിനുട്ടിൽ മറ്റൊരു മികച്ചൊരു മുന്നേറ്റത്തിലൂടെ ഇസ്കോ റയലിന്റെ ലീഡ് ഇരട്ടിയാക്കി. ക്രിസ്റ്റ്യാനോ നൽകിയ ഒരു പാസ് ഇസ്കോ ഗോളാക്കിമാറ്റുകയായിരുന്നു. രണ്ടാമത്തെ ഗോൾ മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള ആൽവേസിന്റെ ശ്രമങ്ങളെ തല്ലി കെടുത്തുന്നതായിരുന്നു. രണ്ടാം ഗോളും നേടിയതോടെ റയൽവീണ്ടും ആൽവേസ് ഗോൾ മുഖം വിറപ്പിച്ചു. അതിനു പ്രതിഫലമെന്നോണം റയൽ മൂന്നാം ഗോളും നേടി വിജയമുറപ്പിച്ചു. പെനാൽറ്റി ബോക്സിനു പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്ക് ബെയ്ൽ പോസ്റ്റിലേക്ക് തൊടുത്തു വിട്ടെങ്കിലും ബാറിൽ തട്ടി തിരിച്ചു വന്നു. തിരിച്ചു വന്ന പന്ത് നാച്ചോ പോസ്റ്റിലേക്ക് തിരിച്ചു വിടുകയായിരുന്നു.
29 മത്സരങ്ങളിൽ നിന്ന് 40 പോയിന്റോടെ ആൽവേസ് പത്താം സ്ഥാനത്തുതന്നെയാണ്.