സെവിയ്യ തോറ്റു, ബാഴ്സ രക്ഷപ്പെട്ടു, റയലിൻ്റെ ദിനം

ലാ ലീഗയിൽ വിവാദങ്ങളും അട്ടിമറികളും കണ്ട ദിവസം അക്ഷരാർത്ഥത്തിൽ റയൽ മാഡ്രിഡിന് ആഘോഷിക്കാനുള്ളതായിരുന്നു. റയൽ മാഡ്രിഡ് റയൽ സോവിദാഡിനെ തകർത്തപ്പോൾ കിരീടപോരാട്ടത്തിൽ പിറകിലുള്ള ബാഴ്സ റയൽ ബെറ്റിസിനോട് സമനിലയും സെവിയ്യ എസ്പന്യാളിനോട് പരാജയവും വഴങ്ങി. കോപ്പ ഡെൽ റെയിൽ നിന്ന് പുറത്തായതിൻ്റെ നിരാശയിൽ മത്സരത്തിനെത്തിയ റയൽ ഒരുങ്ങി തന്നെയായിരുന്നു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ യുവ താരം കോവസിച്ച് കളം നിറഞ്ഞ് കളിച്ചപ്പോൾ എതിരില്ലാത്ത 3 ഗോളിനായിരുന്നു റയൽ ജയം. ഓരോ ഗോളും, ഗോളവസരവും സൃഷ്ടിച്ച കോവസിച്ച്, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് പുറമെ മൊറാറ്റയുടെ വകയായിരുന്നു റയലിൻ്റെ മൂന്നാം ഗോൾ. ജയത്തോടെ തൊട്ടടുത്ത എതിരാളികളെക്കാൾ ഒരു മത്സരം കുറവ് കളിച്ച റയൽ 4 പോയിൻ്റ് മുകളിലാണ്.

അത്ര ശക്തരല്ലാത്ത റയൽ ബെറ്റിസിനെതിരെ വിവാദങ്ങൾ നിറഞ്ഞ മത്സരത്തിൽ ബാഴ്സലോണ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബാഴ്സയുടെ ഉറച്ച ഒരു ഗോൾ റഫറി അനുവദിക്കാത്തതാണ് മത്സരത്തെ വിവാദമാക്കിയത്. 75 മിനിറ്റിൽ മെറേനോയിലൂടെ ബെറ്റിസ് ജയിക്കുമെന്ന പ്രതീതി ഉണ്ടാക്കിയെങ്കിലും അവസാന നിമിഷം ലൂയിസ് സുവാരസിലൂടെ ബാഴ്സ മത്സരം രക്ഷിച്ചെടുക്കുകയായിരുന്നു. ബാഴ്സയുടെ കിരീടമോഹങ്ങൾക്ക് തിരിച്ചടിയായി ഈ ഫലം.

തങ്ങളുടേതായ ദിനം ആരെയും തോൽപ്പിക്കാനുള്ള കരുത്തുള്ള എസ്പന്യാളിനെതിരെ 3-1 നാണ് സെവിയ്യ പരാജയമറിഞ്ഞത്. മത്സരം തുടങ്ങി രണ്ടാം നിമിഷത്തിൽ തന്നെ സെവിയ്യയുടെ നിക്കോളാസ് മാർട്ടിൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് മത്സരത്തിൻ്റെ വിധി എഴുതിയത്. ഇതിനെ തുടർന്ന് ലഭിച്ച പെനാൽട്ടി റേയസ് ഗോളാക്കിയതോടെ എസ്പന്യാൾ മുന്നിലെത്തി. 20 മിനിറ്റിൽ ജോവനച്ചിലൂടെ സാമ്പോളിയും സംഘവും സമനില പിടിച്ചെങ്കിലും രണ്ടാം പകുതിയിൽ 2 ഗോളടിച്ച് എസ്പന്യാൾ ജയം സ്വന്തമാക്കുകയായിരുന്നു. നവാരോ, മൊറേനോ എന്നിവരാണ് എസ്പന്യാളി നായി ഗോൾ കണ്ടത്തിയത്. ജയത്തോടെ അവർ ലീഗിൽ ഒമ്പതാം സ്ഥാനത്തേക്കുയർന്നു. ലീഗിൽ സെവിയ്യക്കും ബാഴ്സക്കും തുല്യ പോയിൻ്റാണെങ്കിലും ഗോൾ ശരാശരിയിൽ ബാഴ്സയാണ് മുമ്പിൽ. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ദുർബലരായ സ്പോർട്ടിങ് ഗിയോണെ അത്ലെറ്റിക്ക് ബിൽബാവോ 2-1 ന് മറികടന്നു. ഇതോടെ ലീഗിൽ അവർ ഏഴാമതെത്തി.

Previous articleഅവസാന നിമിഷം രക്ഷകനായി ബെർണാഡോ സിൽവ, പി.എസ്.ജിയെ തളച്ച് മൊണാക്കോ
Next articleവീണ്ടും സമനില, ഡോർട്ട്മുണ്ട് കീരീടം കൈവിട്ടോ?