ഇരട്ട ഗോളുകളുമായി ബെൻസീമ, റയൽ മാഡ്രിഡിന് അനായാസ ജയം

ലാ ലീഗയിൽ ദുർബലരായ വെസ്‌കക്കെതിരെ അനായാസ ജയവുമായി റയൽ മാഡ്രിഡ്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. ഇരട്ട ഗോളുകളുമായി ബെൻസീമ തിളങ്ങിയപ്പോൾ പരിക്ക് മാറി തിരിച്ചുവന്ന ഹസാർഡ് വാൽവെർദെയും മറ്റുഗോളുകൾ നേടി റയൽ മാഡ്രിഡിന്റെ ജയം ഗംഭീരമാക്കി. വെസ്‌കയുടെ ആശ്വാസ ഗോൾ നേടിയ ഡേവിഡ് ഫെററോ ആണ്.

ആദ്യ പകുതിയിൽ ഏദൻ ഹസാർഡിന്റെ ലോങ്ങ് റേഞ്ച് ഷോട്ടിലാണ് റയൽ മാഡ്രിഡ് ആദ്യ ഗോൾ നേടിയത്. പെനാൽറ്റി ബോക്സിനു പുറത്തുനിന്ന് തൊടുത്ത ഷോട്ട് വെസ്‌ക ഗോൾ വല കുലുക്കുകയായിരുന്നു. റയൽ മാഡ്രിഡിന് വേണ്ടിയുള്ള ഹസാർഡിന്റെ രണ്ടാമത്തെ ഗോളായിരുന്നു ഇത്. തുടർന്ന് രണ്ടാം പകുതി അവസാനിക്കുന്നതിന് മുൻപ് ബെൻസേമ റയൽ മാഡ്രിഡിന്റെ ലീഡ് ഇരട്ടിയാക്കി.

തുടർന്ന് രണ്ടാം പകുതിയിലും മത്സരത്തിൽ ആധിപത്യം സൃഷ്ട്ടിച്ച റയൽ മാഡ്രിഡ് വാൽവെർദെയിലൂടെ മൂന്നാമത്തെ ഗോൾ നേടിയെങ്കിലും ഒരു ഗോൾ തിരിച്ചടിച്ച് ഹെസ്‌ക മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമം നടത്തി. എന്നാൽ ഇഞ്ചുറി ടൈമിൽ ബെൻസീമ റയൽ മാഡ്രിഡിന്റെ നാലാമത്തെ ഗോളും നേടി റയൽ മാഡ്രിഡിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.

Exit mobile version