സ്വന്തം കാണികൾക്ക് മുന്നിൽ റയൽ നാണം കെട്ടു; വിയ്യാറയലിനോട് പരാജയം

- Advertisement -

സ്വന്തം കാണികൾക്ക് മുന്നിൽ നിലവിലെ ലാ ലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് നാണം കെട്ട തോൽവി. സാന്റിയാഗോ ബെർണാബുവിൽ നടന്ന മത്സരത്തിൽ വിയ്യാറയൽ ആണ് റയലിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിന് ആണ് വിയ്യാറയൽ വിജയം കണ്ടത്. ഹോം ഗ്രൗണ്ടിൽ റയൽ മാഡ്രിഡിന്റെ തുടർച്ചയായ രണ്ടാം പരാജയം ആണിത്, 2009ന് ശേഷം ആദ്യമായാണ് റയൽ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായി രണ്ടു മത്സരങ്ങൾ പരാജയപ്പെടുന്നത്.

മത്സരത്തിൽ ഉടനീളം ശക്തരായ റയൽ മാഡ്രിഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച വിയ്യാറയൽ അർഹിച്ച വിജയമാണ് സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ലഭിച്ച അവസരങ്ങൾ ബെയ്‌ലും റൊണാൾഡോയും പാഴാക്കിയതാണ് മാഡ്രിഡ് ടീമിനു വിനയായത്. ആദ്യ പകുതിയി ഗോൾ രഹിതമായാണ് അവസാനിച്ചത്.

രണ്ടാം പകുതിയിൽ സിദാൻ അസെൻസിയോയെ കളത്തിൽ ഇറക്കി എങ്കിലും ഫലം കണ്ടില്ല. മത്സരം സമനിലയിൽ കലാശിക്കും എന്നു തോന്നിച്ച നിമിഷത്തിൽ, 87ആം മിനിറ്റിൽ ആണ് വിയ്യാറയലിന്റെ വിജയ ഗോൾ പിറന്നത്. പാബ്ലോ ഫോണാൾസ് ആണ് വിജയ ഗോൾ നേടിയത്.

പരാജയത്തോടെ റയലിൽ സിദാന്റെ സ്ഥാനം തുലാസിലായിരിക്കുകയാണ്. സിദാന്റെ ഭാവി എന്തായിരിക്കും എന്നു വരും ദിവസങ്ങളിൽ അറിയാൻ കഴിയും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement