
റൊണാൾഡോയില്ലാതെ സ്പാനിഷ് സൂപ്പർ കപ്പിന്റെ രണ്ടാം പാദ ഫൈനലിൽ റയൽ മാഡ്രിഡ് ബാഴ്സിലോണയെ നേരിടും. കഴിഞ്ഞ ദിവസം സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ റൊണാൾഡോയെ 5 മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു. മത്സരത്തിൽ രണ്ട് മഞ്ഞ കാർഡ് കണ്ട് പുറത്തു പോയ റൊണാൾഡോ റഫറിയെ തള്ളിയതിനാണ് കൂടുതൽ മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിച്ചത്.
ആദ്യ പാദത്തിൽ 10 പേരായി ചുരുങ്ങിയിട്ടും 3 – 1 നു ബാഴ്സിലോണയെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ചതിന്റെ ആവേശവുമായിട്ടാണ് റയൽ മാഡ്രിഡ് രണ്ടാം പാദത്തിന് ഇറങ്ങുക. സീസണിന്റെ തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിച്ച് യുവേഫ സൂപ്പർ കപ്പ് നേടിയാണ് സിദാന്റെ ടീമിന്റെ വരവ്. അതെ സമയം ബാഴ്സിലോണയാവട്ടെ നെയ്മറിന്റെ പകരക്കാരനെ എനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണത്തെ സൂപ്പർ കപ്പ് ചാമ്പ്യന്മാരാണ് ബാഴ്സിലോണ.
റൊണാൾഡോയുടെ അഭാവത്തിലും മികച്ച ഫോമിലുള്ള റയൽ മാഡ്രിഡ് ആക്രമണ നിര ബാഴ്സിലോണക്ക് പ്രശ്നങ്ങൾ സൃഷ്ട്ടിക്കുമെന്നുറപ്പാണ്. ഇസ്കോയും ബെൻസേമയും അസ്സൻസിയോയും ബെയ്ലും അടങ്ങുന്ന ആക്രമണ നിര ശക്തമാണ്. വിലക്ക് മാറി മോഡ്രിച്ചും കൂടി എത്തുന്നതോടെ കസെമിറോയും ക്രൂസും ചേർന്ന മധ്യ നിരയും ബാഴ്സക്ക് വെല്ലുവിളി സൃഷ്ട്ടിക്കും.
അതെ സമയം ബാഴ്സിലോണയെ പൂർണ്ണമായും എഴുതിത്തള്ളാൻ സാധ്യമല്ല. നെയ്മറിന്റെ സാന്നിധ്യം ഇല്ലെങ്കിലും മെസ്സിയും സോറസും ചേർന്ന ആക്രമണ നിര ഏതു പ്രധിരോധത്തെയും പിളർക്കാൻ പോന്നതാണ്. റൊണാൾഡോയുടെ അസാന്നിദ്ധ്യവും ബാഴ്സിലോണക്ക് പ്രതീക്ഷ നൽകും. അതെ സമയം പരിക്ക് മൂലം ഇനിയേസ്റ്റ ബാഴ്സിലോണ നിരയിൽ ഉണ്ടാവില്ല.
റൊണാൾഡോയുടെ വിലക്കുമായി ബന്ധപ്പെട്ട് റഫറിയുടെ തീരുമാനങ്ങളോട് പ്രതിഷേധിച്ച് കളിയുടെ ഏഴാം മിനുട്ടിൽ തൂവാല കാട്ടി പ്രതിഷേധിക്കാൻ റയൽ മാഡ്രിഡ് ആരാധകർ തയ്യാറെടുക്കുന്നുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial