റയലിനു പിഴച്ചു, ഒന്നാം സ്ഥാനം നഷ്ടം

- Advertisement -

ഹോം ഗ്രൗണ്ടിൽ റയൽ മാഡ്രിഡിന് സമനില, ലീഗിൽ 13 ആം സ്ഥാനക്കാരായ ലാസ് പാൽമാസിനെതിരെ 3-3 എന്ന സ്കോറിനാണ് സാന്റിയാഗോ ബെർണാബുവിൽ സിദാന്റെ ടീം സമനില വഴങ്ങിയത്.

ബാഴ്സലോണ മികച്ച ജയം നേടിയത് അറിഞ്ഞു ഇറങ്ങിയ റയൽ പക്ഷെ 89 ആം മിനുറ്റ് വരെ പിന്നിലായിരുന്നു, മുന്നേറ്റ നിരയിൽ ബെൻസീമക്കു പകരം മൊറാട്ടയെ ഇറക്കിയാണ് സിദാൻ ടീമിനെ ഇറക്കിയത് , 8 ആം മിനുട്ടിൽ ഇസ്കോയിലൂടെ റയലാണ് സ്കോറിങ്ങിന് തുടക്കം കുറിച്ചത് , കോവാചിച്ചിന്റെ പാസ് വലയിലെത്തിച്ച ഇസ്കോ നൽകിയ ലീഡ് പക്ഷെ അധികനേരം നിന്നില്ല, 10 ആം മിനുട്ടിൽ ലാസ് പാൽമാസ് താരം റ്റാനയുടെ ഷോട്ട് റയൽ ഗോളി നാവാസിന് തടുക്കാവുന്നതിലും അപ്പുറം ശക്തിയുള്ളതായിരുന്നു. ആദ്യ പകുതിയിൽ കൂടുതൽ സമയം പന്ത് കൈവശം വച്ച ലാസ് പാൽമാസ് മികച്ച അവസരങ്ങളും സൃഷ്ടിച് റയൽ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി.

രണ്ടാം പകുതിയിൽ 47 ആം മിനുട്ടിൽ തന്നെ റയലിന് ഗാരേത് ബെയ്‌ലിനെ നഷ്ട്ടമായി, അനാവശ്യ ഫൗളിന്‌ മഞ്ഞ കാർഡ് കണ്ട ഉണ്ടനെ തന്നെ പാൽമാസ് താരത്തിന്റെ കെണിയിൽ പ്രകോപനപരമായി പ്രതികരിച്ചതോടെ റഫറി ബെയ്‌ലിനെ ചുവപ്പ് കാർഡ് കാണിച്ചു പുറത്താക്കി. 10 പേരായി ചുരുങ്ങിയതോടെ പ്രതിരോധത്തിലായ റയലിനെ പാൽമാസ് നിരന്തരം ആക്രമിച്ചു, 56 ആം മിനുട്ടിൽ റാമോസ്‌ ബോക്സിൽ പന്ത് കൈകൊണ്ട് തടഞ്ഞതിന് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ചു പാൽമാസ് ലീഡ് നേടി,ജോനാഥൻ വിയേരയാണ്‌ ഗോൾ നേടിയത്. 3 മിനിട്ടുകൾക്ക് ശേഷം കെവിൻ പ്രിൻസ് ബോട്ടങ്ങിലൂടെ പാൽമാസ് ലീഡ് ഉയർത്തി, ജോനാഥൻ വിയേര നൽകിയ ത്രൂ പാസ് റയൽ ഗോളിയെയും മറികടന്ന് ബോട്ടങ് റയൽ വലയിലെത്തിച്ചു.

71 ആം മിനുട്ടിൽ സിദാൻ കൊവാചിച്, മൊരാട്ട എന്നിവരെ പിൻവലിച് ബെൻസീമ,ജെയിംസ് റോഡ്രിഗെസ് എന്നിവരെ കളത്തിലിറക്കി. 85 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ചു റൊണാൾഡോ വീണ്ടും റയലിന് പ്രതീക്ഷ നൽകി , 89 ആം മിനുട്ടിൽ ജെയിംസ് റോഡ്രിഗസിന്റെ പാസ് ഹെഡ്ഡറിലൂടെ വലയിലാക്കി റൊണാൾഡോ വീണ്ടും റയലിന്റെ രക്ഷകനായി.

56 പോയിന്റുള്ള റയൽ ഇതോടെ ബാഴ്സലോണക്ക് ഒരു പോയിന്റ് പിറകിലായി രണ്ടാം സ്ഥാനത്താണ്, എന്നാലും ഒരു മത്സരം കുറവ് കളിച്ചിട്ടുള്ള അവർക്ക് കിരീട പ്രതീക്ഷ നഷ്ടപെട്ടിട്ടില്ല, പക്ഷെ ആക്രമണ നിരയുടെ പ്രകടനത്തിൽ മാത്രം സീസൺ അവസാനം വരെ ലീഡ് നിലനിർത്താനാവുമോ എന്നതാവും സിദാന് മുൻപിലുള്ള വലിയ ചോദ്യം.

Advertisement