റൈറ്റ് വിങ് തന്നെ തനിക്ക് യോജിച്ചത്, റയൽ മാഡ്രിഡിലേക്ക് ഒരിക്കലും ഇല്ല : റാഫിഞ്ഞ

ബാഴ്‌സയിൽ എത്തിയ ശേഷം തരക്കേടില്ലാതെ കളിക്കുമ്പോഴും ഗോളടിയിൽ കാര്യമായ കുറവ് നേരിടുന്നുണ്ട് റാഫിഞ്ഞ. ടീമിന്റെ റൈറ്റ് വിങ്ങിൽ സ്ഥാനം കണ്ടെത്താൻ ഡെമ്പലെയുമായി പൊരുതുന്ന ബ്രസീൽ താരം ഇപ്പോൾ ടീമിലെ സാഹചര്യങ്ങളെ കുറിച്ചു മനസ് തുറന്നിരിക്കുകയാണ്. ഒരു കാറ്റലോണിയൻ മാധ്യമത്തിന് അഭിമുഖം നൽകുകയായിരുന്നു റാഫിഞ്ഞ.

20221109 010811

തന്റെ മികച്ച ഫോമിന്റെ ഏഴയലത്ത് താനിപ്പോൾ ഇല്ലെന്ന് റാഫിഞ്ഞ സമ്മതിച്ചു. “ഇനിയും കൂടുതൽ ആത്മവിശ്വാസം ആർജിക്കേണ്ടതുണ്ട്. ഭാവിയിൽ ടീമിനെ കൂടുതൽ സഹായിക്കാൻ തന്നെ കൊണ്ടു സാധിക്കും എന്ന വിശ്വാസമുണ്ട്.” റാഫിഞ്ഞ പറഞ്ഞു. ഒരിടക്ക് സാവി തന്നെ ലെഫ്റ്റ് വിങ്ങിൽ പരീക്ഷിച്ചതിനെ കുറിച്ചും താരം പ്രതികരിച്ചു. “സാവിയോട് താൻ ഇതിനെ കുറിച്ച് സംസാരിച്ചു. തനിക്ക് ടീമിനായി കളത്തിൽ കൂടുതൽ സംഭാവനകൾ നൽകണം. ഇടത് വിങ്ങിൽ തന്നെ കൊണ്ട് അതിന് സാധിക്കില്ല. റൈറ്റ് വിങ്ങിലെ സ്ഥാനത്തിന് വേണ്ടി ഡെമ്പലെയുമായി മത്സരിക്കേണ്ടി വരുന്നത് താൻ കാര്യമാക്കുന്നുമില്ല. അത് താൻ ഇഷ്ടപ്പെടുന്നു. പക്ഷെ കൂടുതൽ അനുയോജ്യമായ തന്റെ റൈറ്റ് വിങ് പൊസിഷനിൽ തന്നെ ഇറങ്ങാനാണ് എന്നും ആഗ്രഹിക്കുന്നത്.”

മാഡ്രിഡിൽ നിന്നും ഓഫർ എത്തിയിരുന്നുവെങ്കിൽ പോലും താൻ വേണ്ടെന്ന് വെക്കുകയെ ഉള്ളൂ എന്നും താരം പറഞ്ഞു. ഇംഗ്ലണ്ടിൽ നിന്ന് തന്നെ ഓഫറുകൾ ഉണ്ടായിരുന്നു എന്നും എന്നാൽ ബാഴ്‌സലോണയിൽ കളിക്കുന്നത് എന്നും തന്റെ സ്വപ്നമായിരുന്നു എന്നും റാഫിഞ്ഞ കൂട്ടിച്ചേർത്തു.