റാമോസിന് റെഡ്, റയലിന് സമനില

- Advertisement -

ബാഴ്സയുമായുള്ള പോയിന്റ് വിത്യാസം കുറക്കാൻ ഇറങ്ങിയ റയലിന് സമനില കുരുക്ക്. അത്ലറ്റികോ ബിൽബാവോയാണ് സിദാന്റെയും സംഘത്തിന്റെയും വിജയ സ്വപ്നങ്ങളെ തടഞ്ഞത്. സെർജിയോ റാമോസ് ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ല. ഇന്നത്തെ ചുവപ്പ് കാർഡോടെ ല ലീഗെയിൽ ഇതുവരെ 19 ചുവപ്പ് കാർഡുകൾ കണ്ട റാമോസ് ല ലീഗെയിൽ ഏറ്റവും കൂടുതൽ ചുവപ്പ് കാർഡ് കാണുന്ന കളിക്കാരൻ എന്ന നാണക്കേടിന്റെ റെക്കോർഡും സ്വന്തമാക്കി. നേരത്തെ ബാഴ്സ സമനില വഴങ്ങിയതോടെ പോയിന്റ് വിത്യാസം 6 ആയി കുറക്കാനുള്ള സുവർണാവസരമാണ് റയലിന് സമനിലയോടെ നഷ്ടമായത്. നിലവിൽ ബാഴ്സക്ക് 8 പോയിന്റ് പിറകിലായി നാലാം സ്ഥാനത്താണ്‌ റയൽ മാഡ്രിഡ്.

ലീഗിൽ 15 ആം സ്ഥാനത്തുള്ള ബിൽബാവോക്കെതിരെ അത്രയൊന്നും മികച്ച പ്രകടനമല്ല റയൽ നടത്തിയത്. ആദ്യ പകുതിയിൽ കൂടുതൽ സമയം പന്ത് കൈവശം വച്ചെങ്കിലും റയലിന് കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. ആദ്യ പകുതിയിൽ കേവലം 2 ഷോട്ടുകൾ മാത്രമാണ് റൊണാൾഡോയും, ഇസ്കോയും,  ബെൻസീമായും അടക്കമുള്ള ആക്രമണ നിരക്ക് ആയത്. 10 ആം മിനുട്ടിൽ ബെൻസീമയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ആദ്യ പകുതിയിൽ ബിൽബാവോയും ഏതാനും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും റയൽ ഗോളി നാവാസിന്റെ സേവുകൾ അവരെ ലീഡ് നേടുന്നതിൽ നിന്ന് തടഞ്ഞു.

രണ്ടാം പകുതിയിൽ റയൽ ഗോൾ മുഖത്ത് ബിൽബാവോ കൂടുതൽ ആക്രമണം നടത്തുന്നതാണ് കണ്ടത്. പക്ഷെ റയലിന്റെ പ്രതിരോധം മറികടക്കാൻ അവർക്കായില്ല. 71 ആം മിനുട്ടിൽ റൊണാൾഡോയുടെ മികച്ച ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 81 ആം മിനുട്ടിൽ അനാവശ്യ ഫൗൾ ചെയ്ത റാമോസ് രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്തായി. 10 പേരായി ചുരുങ്ങിയ റയലിനെ പക്ഷെ ശിക്ഷിക്കാൻ ബിൽബാവോ ആക്രമണ നിരക്ക് പറ്റാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement