റാമോസും ചുവപ്പിനോടുള്ള മുഹബ്ബത്തും!! റെഡ് കാർഡിൽ ഒരു നാഴികക്കല്ല് കൂടെ പിന്നിട്ടു

ഒരു വർഷം, കഴിഞ്ഞ ഒരു വർഷക്കാലമാണ് സെർജിയോ റാമോസ് ചുവപ്പ് കാർഡുമായി പിരിഞ്ഞു നിന്നത്. 2018 കലണ്ടർ വർഷത്തിൽ ഒരിക്കൽ പോലും റാമോസ് ചുവപ്പ് കാർഡ് കണ്ടിരുന്നില്ല. എന്നാൽ റയൽ മാഡ്രിഡ് ക്യാപ്റ്റൻ അവസാനം തന്റെ ഇഷ്ട കാർഡായ ചുവപ്പുമായി ഒത്തുചേർന്നു. ഇന്ന് ജിറോണയ്ക്ക് എതിരായ മത്സരത്തിന്റെ അവസാന നിമിഷമാണ് റാമോസ് ചുവപ്പ് കാർഡ് സ്വന്തമാക്കിയത്.

ഒരു മഞ്ഞകാർഡ് നേരത്തെ തന്നെ ലഭിച്ചിരുന്ന റാമോസ് അവസാനം ഒരു ബൈസൈക്കിൾ കിക്കിന് ശ്രമിക്കുന്നതിനിടെ ജിറോന താരത്തെ ചവിട്ടിയതിനായിരുന്നു രണ്ടാം മഞ്ഞയും ചുവപ്പും വാങ്ങിയത്. ഇത് റാമോസിന്റെ റയൽ മാഡ്രിഡ് കരിയറിലെ 25ആം ചുവപ്പ് കാർഡാണ്. ലാലിഗയിലെ 20ആം ചുവപ്പ് കാർഡും. ലാലിഗയിൽ ആദ്യമായാണ് ഒരു താരം 20 ചുവപ്പ് കാർഡുകൾ വാങ്ങുന്നത്. നേരത്തെ തന്നെ ലാലിഗയിലെ ഏറ്റവും കൂടുതൽ ചുവപ്പ് കാർഡെന്ന റെക്കോർഡും റയലിനായി ഏറ്റവും കൂടുതൽ ചുവപ്പ് കാർഡ് എന്ന റെക്കോർഡും റാമോസ് സ്വന്തമാക്കിയിരുന്നു.