റയലിനും ബാഴ്സക്കും നിർണ്ണായക മത്സരങ്ങൾ

വർഷങ്ങളുടെ ഇടവേളക്ക് ശേഷം ലാ ലീഗ കിരീടം ലക്ഷ്യമിടുന്ന റയൽ മാഡ്രിഡ് ബാഴ്സക്കും, സെവിയ്യക്കും മേൽ ഇപ്പോയുള്ള മുൻതൂക്കം നിലനിർത്താനാവും ശ്രമിക്കുക. ഞായറാഴ്ച്ച പുലച്ചെ 1.15 നു നടക്കുന്ന മത്സരത്തിൽ ഒസാസുനയാണ് സിദാനും സംഘത്തിൻ്റേയും എതിരാളികൾ. ലീഗിൽ 2 മത്സരം കുറവ് കളിച്ചിട്ടും ആദ്യ സ്ഥാനത്ത് തുടരുന്ന റയൽ തുടർച്ചയായ മൂന്നാം ജയമാവും ലക്ഷ്യമിടുക. റാമോസിൻ്റെ നേതൃത്വത്തിൽ പ്രതിരോധവും മോഡ്രിച്ചും ക്രൂസും അടങ്ങുന്ന മധ്യനിരയും മികച്ച ഫോമിലാണ്. ഒപ്പം റൊണാൾഡോയും ബെൻസേമയും അടങ്ങുന്ന മുന്നേറ്റവും. ലീഗിൽ അവസാനസ്ഥാനക്കാരായ ഒസാസുന ഒരു സമനിലയെങ്കിലുമാവും റയലിനെതിരെ ലക്ഷ്യം വക്കുക.

ശനിയാഴ്ച്ച രാത്രി 8.45 ന് ആൽവസിനെതിരെയാണ് ബാഴ്സലോണയുടെ മത്സരം. റയലിനെക്കാൾ 2 മത്സരം അധികം കളിച്ചിട്ടും രണ്ടാം സ്ഥാനത്ത് തുടരുന്ന ബാഴ്സക്ക് സമനില പോലും കിരീടപോരാട്ടത്തിൽ വലിയ തിരിച്ചടിയാവും. സീസണിലാദ്യം സ്വന്തം മൈതാനത്ത് ആൽവസിനൊടേറ്റ തോൽവിക്ക് പകരം വീട്ടാനാവും ബാഴ്സ ശ്രമം. ലീഗിൽ 12 മതുള്ള ആൽവസ് ഒരട്ടിമറിക്ക് കെൽപ്പുള്ളവർ തന്നെയാണ്. അലെക്സ് വിദാൽ, ഡെനിസ് സുവാരസ്, ലൂയി സുവാരസ് എന്നിവർ ഫോമിലെത്തിയത് ബാഴ്സക്ക് ആശ്വാസം പകരുന്നു. ഒപ്പം റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന മിന്നും ഫോമിലുള്ള മെസ്സിയും അവർക്ക്‌ വലിയ കരുത്താകും. കിരീടപോരാട്ടത്തിൽ ജയത്തിൽ കുറഞ്ഞ ഒന്നും മതിയാകില്ല എന്നതിനാൽ വലിയ ജയമാവും ബാഴ്സ ആൽവസിനെതിരെ ലക്ഷ്യമിടുക.

ഏതാണ്ട് തുല്യശക്തികളുടെ പോരാട്ടത്തിൽ എസ്പന്യാൽ റയൽ സോസിദാഡിനെ നേരിടും. ആദ്യ നാല് ലക്ഷ്യമിടുന്ന സോസിദാഡ് മികച്ച ഫോമിലാണ്. ശനിയാഴ്ച്ച പുലർച്ചെ 1.15 നാണ് ഈ മത്സരം നടക്കുക. ശനിയാഴ്ച്ച വൈകിട്ട് 5.30 തിനാണ് റയൽ ബെറ്റിസ് വലൻസിയ പോരാട്ടം. കഴിഞ്ഞ മത്സരത്തിൽ ഐബറിനെതിരെ കനത്ത പരാജയമേറ്റ് വാങ്ങിയ വലൻസിയെ സംബന്ധിച്ച് ബെറ്റിസിനെതിരായ ഈ മത്സരം നിർണ്ണായകമാണ്. ശനിയാഴ്ച രാത്രി 11 നു നടക്കുന്ന മത്സരത്തിൽ ഡെപ്പാർട്ടീവോയാണ് അത്ലെറ്റിക്കോ ബിൽബാവോയുടെ എതിരാളികൾ. ലാ ലീഗ മത്സരങ്ങൾ സോണി സിക്സ്, സോണി സിക്സ് എച്ച്.ഡി എന്നീ ചാനലുകളിൽ തൽസമയം കാണാവുന്നതാണ്.

Previous articleതിരുഷ് കാമിനിയ്ക്ക് ശതകം, അയര്‍ലണ്ടിനെ തകര്‍ത്ത് ഇന്ത്യ
Next articleഷര്‍ജീല്‍ ഖാനും, ഖാലിദ് ലത്തീഫിനും പിസിബിയുടെ താത്കാലിക വിലക്ക്