
കാര്യങ്ങൾ ഒട്ടും ശുഭകരമല്ലെങ്കിലും റയൽ പരിശീലകൻ സിനദീൻ സിദാന് റയൽ പ്രസിഡന്റ്ഫ്ലോറന്റിനോ പെരസിന്റെ പൂർണ്ണ പിന്തുണ. സിദാന്റെ കീഴിൽ ക്ലബ്ബ് ഇപ്പോഴും മികച്ച രീതിയിൽ ആണെന്നും, ഇനിയും കിരീടങ്ങൾ സ്വപ്നം കാണാൻ അവകാശമുണ്ട് എന്നുമാണ് റയൽ പ്രസിഡന്റ് വ്യക്തമാക്കിയത്. നിലവിലെ തന്റെ റയൽ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് സിദാൻ കടന്നു പോകുന്നത്. ചാംപ്യൻസ് ലീഗ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തും, ല ലീഗെയിൽ ബാഴ്സലോണക്ക് 8 പോയിന്റ് പിറകിൽ നാലാം സ്ഥാനത്താണ് റയൽ.
സിദാന്റെ ഭാവിയെ കുറിച്ചു ഊഹാപോഹങ്ങൾ പരക്കുന്നതിനിടെയാണ് പരിശീലകരെ പുറത്താക്കുന്നതിൽ പേരു കേട്ട പേരെസ് സിദാന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്. സിദാൻ റയലിന്റെ ഇതിഹാസമാണെന്നും റയലിലേക്ക് മൂല്യങ്ങൾ കൊണ്ടുവന്ന ആളാണ് സിദാനെന്നും മാർസെലോ, റാമോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്ലബ്ബിന് ഇനിയും ഏറെ മുന്നോട്ടു പോകാൻ ആവുമെന്നും റയൽ പ്രസിഡന്റ് കൂട്ടിച്ചേർത്തു. മുൻ ക്ലബ്ബ് ഇതിഹാസങ്ങളെ അനുമോദിക്കുന്ന ചടങ്ങിലാണ് പേരെസ് സിദാനും താരങ്ങൾക്കും ഉള്ള പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്. മുൻ റയൽ പരിശീലകരെ അപേക്ഷിച്ച് കളിക്കാരുടെ പൂർണ്ണ പിന്തുണയും സിദാന് ഉണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial