പെഡ്രി എന്ന മെഷീൻ ബാഴ്സലോണയിൽ തുടരും, പുതിയ കരാർ ഒപ്പുവെച്ചു

ബാഴ്സലോണയുടെ പ്രധാന താരമായി മാറിയ 18കാരൻ പെഡ്രിക്ക് ക്ലബ് പുതിയ കരാർ നൽകി. പെഡ്രി ബാഴ്സലോണയിൽ പുതിയ കരാർ ഒപ്പുവെച്ചതായാണ് വാർത്തകൾ. അവസാന കുറച്ച് മാസങ്ങളായി ലപോർട പെഡ്രിയുമായി കരാർ ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു. ചർച്ചകൾ വിജയിച്ചതായും കരാർ ഒപ്പുവെച്ചതായും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു‌. അഞ്ചു വർഷം നീളുന്ന കരാർ ആണ് താരം ഒപ്പുവെച്ചത്. ഒരോ വർഷവും വേതനം വർധിക്കുന്ന രീതിയിൽ ആകും കരാർ.

കഴിഞ്ഞ സീസണിൽ ലാസ് പാമാസിൽ നിന്ന് ബാഴ്സലോണയിൽ എത്തിയ പെഡ്രി പെട്ടെന്ന് തന്നെ ക്ലബിന്റെ പ്രധാന താരമായി മാറുക ആയിരുന്നു. ഇത്തവണത്തെ ബാലൻ ഡി ഓർ അവസാന 30 പേരിൽ എത്താനും പെഡ്രിക്ക് ആയിട്ടുണ്ട്. മധ്യനിരയ ബാഴ്സക്കായും സ്പെയിനിനായും ഒരു അത്ഭുത വർഷമായിരുന്നു പെഡ്രിക്ക്. കഴിഞ്ഞ സീസണിൽ മാത്രം 74 മത്സരങ്ങൾ ആണ് പെഡ്രി കളിച്ചത്. പുതിയ കരാറിൽ പെഡ്രിക്ക് 500 മില്യന്റെ റിലീസ് ക്ലോസും ഉണ്ടാകും.