ഇനിയെസ്റ്റയുടെ വഴിയേ, എട്ടാം നമ്പർ ഏറ്റുവാങ്ങി പെഡ്രി

കളത്തിലെ കലാകാരൻ ആന്ദ്രേ ഇനിയെസ്റ്റയുടെ കടുത്ത ആരാധകനാണ് പെഡ്രി. ഏറെ ആഗ്രഹിച്ച ബാഴ്‌സലോണ ജേഴ്‌സി പതിനേഴാം വയസിൽ തന്നെ കാനറി ദ്വീപുകാരൻ നേടിയെടുക്കുമ്പോൾ ആരാധകരും ടീമും കണ്ടതും ഇനിയെസ്റ്റക്കൊത്ത പ്രതിഭയുള്ള മറ്റൊരു താരത്തെ ആയിരുന്നു. ടീമിനോടൊപ്പം രണ്ടു സീസണുകൾ പൂർത്തിയാക്കുമ്പോൾ മധ്യനിരയിലെ നെടുംതൂണായി തന്നിൽ അർപ്പിച്ച വിശ്വാസം പെഡ്രി കാക്കുകയും ചെയ്തു. ആദ്യ സീസണിൽ തന്നെ ഗോൾഡൻ ബോയ് ആയികൊണ്ട് തന്റെ വരവ് താരം പ്രഖ്യാപിക്കുകയായിരുന്നു.
20220708 150319
ഇപ്പോൾ താരത്തിനെ എത്രത്തോളം വിലമതിക്കുന്നുണ്ട് എന്ന് ഒന്നൂകൂടെ തെളിയിച്ചു കൊണ്ട് സാക്ഷാൽ ഇനിയെസ്റ്റയുടെ തന്നെ എട്ടാം നമ്പർ ജേഴ്‌സി പെഡ്രിക്ക് കൈമാറിയിരിക്കുകയാണ് ബാഴ്‌സലോണ. അടുത്ത സീസണിൽ എട്ടാം നമ്പറിൽ തന്നെ പെഡ്രിയെ കളത്തിൽ കാണാൻ ആവും. കഴിഞ്ഞ സീസണിൽ ടീമിൽ എത്തിയ ശേഷം ആൽവെസ് അണിഞ്ഞിരുന്ന എട്ടാം നമ്പർ അടുത്തതായി ആർക്ക് കൈമാറണമെന്നത് തീരുമാനിക്കാൻ ബാഴ്‌സക്ക് കൂടുതൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല.

ഇനിയെസ്റ്റക്ക് മുൻപ് മറ്റൊരു ഇതിഹാസ താരം സ്റ്റോയിച്ച്കോവും അവതരിച്ചിരുന്നത് എട്ടാം നമ്പറിൽ തന്നെ ആയിരുന്നു. ഇപ്പോൾ ബാഴ്‌സയിലും സ്പെയിൻ ദേശിയ ടീമിലും നിർണായക താരമായി വളർന്ന പെഡ്രി അർഹിക്കുന്നത് തന്നെയാണ് ഈ എട്ടാം നമ്പർ എന്ന് ആരാധകരും കരുതുന്നു.