Site icon Fanport

ഒസ്മാൻ ഡെംബെലെ തിരിച്ചെത്തുന്നു, ബാഴ്സ ഇനി കൂടുതൽ ശക്തം

ബാഴ്സ താരം ഒസ്മാൻ ഡെംബെലെ പരിക്ക് മാറി ഈ ആഴ്ച തിരിച്ചെത്തും. ഏറെ നാളായി പരിക്ക് കാരണം പുറത്തിരിക്കുന്ന താരം ഈ ആഴ്ചയിലെ കോപ്പ ഡെൽ റേ ഇറങ്ങിയേക്കും. റെക്കോർഡ് തുക നൽകി ടീമിൽ എത്തിച്ച താരം ബാഴ്സകായുള്ള മൂന്നാം മത്സരത്തിൽ തന്നെ പരിക്കേറ്റ് പുറത്താവുകയായിരുന്നു. ഗെറ്റഫകെതിരെ സെപ്റ്റംബർ പതിനാറിനാണ് താരം അവസാന മത്സരം കളിച്ചത്. ഹാം സ്ട്രിങ്ങിന് പരിക്കേറ്റ താരം ഫിൻലാന്റിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഏകദേശം 135.5 മില്യൺ യൂറോ നൽകിയാണ് ഇരുപത്തുകാരനായ താരത്തെ ബാഴ്സ സ്വന്തമാക്കിയത്. നെയ്മറിന് പകരകാരനാവുമെന്ന പ്രതീക്ഷയിൽ ന്യൂ കാമ്പിൽ എത്തിയ താരം സീസൺ തുടക്കത്തിൽ തന്നെ പരിക്കേറ്റ്  പുറത്തായത് ബാഴ്സക്ക് വൻ തിരിച്ചടിയായിരുന്നു. എങ്കിലും സീസണിൽ അപരാജിത കുതിപ്പ് നടത്തിയ ബാഴ്സ നിലവിൽ ല ലീഗെയിൽ ഒന്നാം സ്ഥാനത്താണ്‌. ചമ്പ്യൻസ് ലീഗിൽ ചെൽസികെതിരായ മത്സരത്തിന് മുൻപ് ഡെംബെലെ എത്തുന്നത് അവരുടെ കരുത്ത് കൂട്ടും. കൂടാതെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഏതാനും പുതിയ കളിക്കാർ ബാഴ്സയിൽ എത്താൻ സാധ്യതയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version