മെസ്സിയും ബാഴ്‌സലോണയും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് സെറ്റിയൻ

Photo: goal.com

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും ബാഴ്‌സലോണയും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ബാർസിലോണ പരിശീലകൻ സെറ്റിയൻ. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ ബാഴ്‌സലോണയുടെ മോശം പ്രകടനത്തിന്റെ പേരിൽ ഡ്രസിങ് റൂമിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും സെറ്റിയൻ പറഞ്ഞു. സെവിയ്യക്കെതിരെയും സെൽറ്റവീഗക്കെതിരെയും സമനില വഴങ്ങിയ ബാർസിലോണ ലാ ലീഗയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതിൽ സെൽറ്റവിഗക്കെതിരെ രണ്ട് തവണ മുൻപിൽ നിന്നതിന് ശേഷമാണ് ബാഴ്‌സലോണ സമനില വഴങ്ങിയത്.

സെൽറ്റവീഗക്കെതിരായ മത്സരത്തിന്റെ ഇടവേളക്കിടെ ബാഴ്‌സലോണ സഹ പരിശീലകൻ എഡർ സറാബിയയുടെ നിർദേശങ്ങൾ മെസ്സി അവഗണിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. കൂടാതെ മത്സര ശേഷം ബാഴ്‌സലോണ ഡ്രസിങ് റൂമിൽ വാക്കുതർക്കം ഉണ്ടായതായും റിപ്പോർട്ടുകൾ വന്നിരുന്നു.  എന്നാൽ താരങ്ങളും പരിശീലകരും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്ന് സെറ്റിയൻ വ്യക്തമാക്കി. ലീഗ് കിരീടം ബാഴ്‌സലോണ സ്വന്തമാക്കണമെങ്കിൽ ബാക്കിയുള്ള മുഴുവൻ മത്സരങ്ങളും ജയിക്കണമെന്നും സെറ്റിയൻ പറഞ്ഞു.