
റയൽ മാഡ്രിഡിൽ കരിയർ അവസാനിപ്പിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് റയൽ മാഡ്രിഡ് ഗോൾ കീപ്പർ കെയ്ലർ നവാസ്. സിദാൻ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ നവാസിന്റെ റയൽ കരിയറിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ തുടരുന്നതിനിടെയാണ് താരം സാന്റിയാഗോ ബെർണാബുവിൽ തുടരാനുള്ള ആഗ്രഹം വെളിപ്പെടുത്തിയത്.
റയൽ ആരാധകരിൽ നിന്നുള്ള മികച്ച പ്രതികരണമാണ്നവാസിനെ ഇനിയും റയലിൽ തുടരാൻ പ്രേരിപ്പിക്കാൻ കാരണം. കഴിഞ്ഞ 3 സീസണുകളിൽ റയൽ വല കാത്ത നവാസ് 3 ചാമ്പ്യൻസ് ലീഗ് കിരീടവും 1 ലീഗ് കിരീടവും നേടി. പക്ഷെ നവാസിനായി എന്നും വാദിച്ച സിദാൻ റയൽ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ നവാസിന്റെ ഭാവി തുലാസിലാണ്. 31 വയസുകാരനായ നവാസിന് പകരം ചെൽസിയുടെ കോർട്ടോ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡി ഹെയ എന്നുവരെ റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് ലക്ഷ്യമിടുന്നുണ്ട്.
നവാസ് തുടരാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പുതിയ റയൽ പരിശീലകന്റെ നിലപാടും തീരുമാനത്തിൽ നിർണായകമാകും. സ്ഥാനം ഒഴിഞ്ഞ സിദാന് നവാസ് നന്ദിയും അറിയിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial