ഗോൾ അടിച്ചും പെനാൾട്ടി നഷ്ടപ്പെടുത്തിയും മൊറാട്ട, അത്ലറ്റിക്കോയ്ക്ക് വിജയ തുടക്കം

ലാലിഗയുടെ പുതിയ സീസൺ വിജയത്തോടെ ആരംഭിക്കാൻ അത്ലറ്റിക്കോ മാഡ്രിഡിനായി. ഇന്ന് നടന്ന ലീഗിലെ ആദ്യ മത്സരത്തിൽ ഗെറ്റഫെയെ ആണ് അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്. പരിശീലകൻ സിമിയോണിയുടെ ഇഷ്ട സ്കോറായ 1-0ന് ആയിരുന്നു ഇന്ന് അത്ലറ്റിക്കോയുടെ വിജയം. രണ്ട് ചുവപ്പ് കാർഡും ഒരു പെനാൾട്ടിയും ഒക്കെ കണ്ട സംഭവ ബഹുലമായ മത്സരമായിരുന്നു ഇന്നത്തേത്.

മത്സരത്തിന്റെ 23ആം മിനുട്ടിൽ മൊറാട്ടയാണ് അത്ലറ്റിക്കോയ്ക്ക് വേണ്ടി നിർണായക ഗോൾ നേടിയത്. പുതിയ സൈനിംഗ് ട്രിപ്പിയ ആയിരുന്നു അവസരമൊരുക്കിയത്. കളിയുടെ 38ആം മിനുട്ടിൽ ഗെറ്റഫെ താരം മൊലീൻ ചുവപ്പ് കണ്ട് പുറത്ത് പോയതോടെ അത്ലറ്റിക്കോയ്ക്ക് കാര്യങ്ങൾ എളുപ്പമായി എന്ന് തോന്നി എങ്കിലും 42ആം മിനുട്ടിലേക്ക് അത്ലറ്റിക്കോയും 10 പേരായി ചുരുങ്ങി.

അത്ലറ്റിക്കോയുടെ‌ റെനാൻ ലോഡിയാണ് ചുവപ്പ് കണ്ട് പുറത്തു പോയത്. രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ ഫെലിക്സ് ഒരു പെനാൾട്ടി അത്ലറ്റിക്കോയ്ക്ക് നേടിക്കൊടുത്തു എങ്കിലും പെനാൾട്ടി എടുത്ത മൊറാട്ടയ്ക്ക് പിഴച്ചു. അതാണ് കളി 1-0ൽ അവസാനിക്കാൻ കാരണം.

Previous articleനെയ്മർ ഇറങ്ങിയില്ല, പി എസ് ജിക്ക് ഫ്രഞ്ച് ലീഗിൽ പരാജയം
Next articleബുണ്ടസ് ലീഗ അരങ്ങേറ്റത്തിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി യൂണിയൻ ബെർലിൻ