
സൂപ്പർ തരാം മെസ്സിയില്ലാതെ ബാഴ്സ ഇന്ന് പുറത്താക്കൽ ഭീഷണിയിലുള്ള ഗ്രാനഡയെ നേരിടും. ഗ്രാനഡയുടെ മൈതാനത്താണ് മത്സരം. ലാ ലീഗ കിരീട പോരാട്ടത്തിൽ റയലിന് തൊട്ടുപിറകിലുള്ള ബാഴ്സ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. റയലിനേക്കാൾ ഒരു മത്സരം അധികം കളിച്ച ബാഴ്സ രണ്ടു പോയിന്റിന് പിന്നിലാണ്. കഴിഞ്ഞ വർഷം ലൂയിസ് സോറസിന്റെ ഹാട്രിക്കിൽ ഇവിടെ വിജയിച്ചാണ് ബാഴ്സ 24മത്തെ ലാ ലീഗ കിരീടം നേടിയത്. അതിന്റെ ഓർമ്മകളുമായാവും ബാഴ്സ ഇന്ന് ഇറങ്ങുക.
ദുർബലരായ ഗ്രാനഡയെ നേരിടുമ്പോൾ അവർക്കു മെസ്സിയുടെ സേവനം നഷ്ട്ടമാവും. ലാ ലീഗയിൽ അഞ്ചു മഞ്ഞ കാർഡ് കണ്ടത് കൊണ്ടാണ് സസ്പെൻഷൻ. വലൻസിയക്കെതിരെ 4 – 2നു ജയിച്ച മത്സരത്തിലാണ് റഫറിയുടെ തീരുമാനത്തിനോട് പ്രതികരിച്ചതിന് മെസ്സിക്ക് മഞ്ഞ കാർഡ് കിട്ടിയത്. ലീഗിൽ മൂന്നാം സ്ഥാനത്തുള്ള സെവിയ്യക്കെതിരെ ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ മെസ്സി ബാഴ്സ നിരയിൽ തിരിച്ചെത്തും.
പ്രധിരോധ നിരയിൽ പിക്വക്ക് വിശ്രമം നൽകുമെന്ന് ലൂയിസ് എൻട്രിക്വ അറിയിച്ചിരുന്നു. പരിക്കുമൂലം അലക്സ് വിദാലും തുറാനും ഇന്ന് ഇറങ്ങില്ല. ക്യാമ്പ് നൗവിൽ നടന്ന മുൻപത്തെ മത്സരത്തിൽ റാഫിഞ്ഞ നേടിയ ഏക ഗോളിലാണ് ബാഴ്സ ജയിച്ചത്. അതുകൊണ്ടു തന്നെ ഗ്രാനഡയുടെ തട്ടകത്തിലെ ഈ മത്സരം ബാഴ്സക്കു കടുത്തതാവും.
ലീഗിലെ അവസാന 10 മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു തരം താഴ്ത്തലിൽ നിന്ന് രക്ഷനേടാനാവും ഗ്രാനഡയുടെ ശ്രമം. പരിക്ക് മാറി ഗ്രെനാഡ സ്ട്രൈക്കർ അഡ്രിയാൻ ടീമിൽ ഇടം നേടിയേക്കും. 28 കളികളിൽ നിന്ന് 19 പോയിന്റുമായി ഗ്രെനാഡ 19ആം സ്ഥാനത്താണ്.