കോമന്റെ രക്ഷകനായി മെസ്സി, ലെവന്റെയെ കടന്ന് ബാഴ്സലോണ

ലാ ലീഗയിൽ പരിശീലകൻ കോമന്റെ രക്ഷകനായി ലയണൽ മെസ്സി. മെസ്സിയുടെ ഗോളിൽ ലെവന്റെയെ കടന്ന് ബാഴ്സലോണ വിജയവഴികളിലേക്ക് തീരികെയെത്തി. ഒരു ജയത്തിനായി കാത്തിരുന്ന ബാഴ്സക്കും റോണാൾഡ് കോമനും ആശ്വാസമായി 76ആം മിനുട്ടിലെ മെസ്സിയുടെ ഗോൾ. ബാഴ്സയുടെ വിജയ ഗോളിന് വഴിയൊരുക്കിയത് ഫ്രാങ്കി ഡി യോങ്ങാണ്.

കാദിസിനോടേറ്റ 2-1 ന്റെ തോൽവിക്കും ചാമ്പ്യൻസ് ലീഗിലെ യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒറ്റയാൾ പോരാട്ടം 3-0 തോൽവിക്കും ശേഷം സമ്മർദ്ദത്തിലായ കോമനും ബാഴ്സക്കും ഇത് അനിവാര്യമായ ജയമായിരുന്നു. പതിവ് പോലെ ഗ്രീസ്മാനും ബ്രൈത്വൈറ്റും നിറം മങ്ങിയപ്പോൾ ലയണൽ മെസ്സി തന്നെ ജയത്തിന്റെ ചുക്കാൻ പിടിക്കേണ്ടി വന്നു. റയൽ സോസിദാദ്,വലൻസിയ എന്നീ ടീമുകളോടാണ് ഇനി ബാഴ്സലോണ ഏറ്റുമുട്ടേണ്ടത്. ലാ ലീഗ ടേബിൾ ടോപ്പേഴ്സായ അത്ലെറ്റിക്കോ മാഡ്രിഡിന് 9 പോയന്റ് പിന്നിൽ എട്ടാം സ്ഥാനത്താണ് ബാഴ്സലോണ.