മെസ്സി രക്ഷകനായി, ബാഴ്സ രക്ഷപ്പെട്ടു.

- Advertisement -

ലാ ലീഗയിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ദുർബലരായ ലെഗാനെസിനെതിരെ അക്ഷരാർത്ഥത്തിൽ ബാഴ്സ രക്ഷപ്പെടുകയായിരുന്നു. ലയണൽ മെസ്സിയുടെ ഇരട്ടഗോളുകളാണ് ബാഴ്സക്ക് വിജയം നേടി കൊടുത്തത്. പി.എസ്.ജിയോട് ചാമ്പ്യൻസ് ലീഗിലേറ്റ കനത്ത പരാജയത്തിനു ശേഷം മത്സരത്തിനെത്തിയ ബാഴ്സക്ക് മത്സരത്തിൽ മികച്ച തുടക്കമാണ് ലഭിച്ചത്. നാലാമത്തെ മിനിറ്റിൽ മെസ്സിയിലൂടെ മുന്നിലെത്തിയ അവർക്കെതിരെ മികച്ച പോരാട്ടമാണ് ലെഗാനെസ് പിന്നീട് പുറത്തെടുത്തത്. 71 മിനിറ്റിൽ ലോപ്പസിലൂടെ ലെഗാനെന്ന് സമനില പിടിക്കുമെന്ന് തോന്നിയ മത്സരത്തിൽ 90 മിനിറ്റിലാണ് മെസ്സിയുടെ വിജയഗോൾ പിറന്നത്. നെയ്മറെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിലെത്തിച്ച മെസ്സി ബാഴ്സക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ ബാഴ്സ റയലിനു പിറകിൽ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് കയറി.

ലീഗിൽ ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിലും പ്രമുഖ ടീമുകൾ ജയം കണ്ടു. മികച്ച ഫോമിലുള്ള റയൽ സോസിദാഡിനെതിരെ ഏക പക്ഷീയമായ ഒരു ഗോളിനാണ് വിയ്യ റയൽ ജയം കണ്ടത്. ജയിച്ചെങ്കിലും ലീഗിൽ വിയ്യ റയൽ ആറാമതും സോസിദാഡ് അഞ്ചാമതുമായി തുടരുകയാണ്. സീസണിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന സ്പാനിഷ് വമ്പന്മാരായ വലൻസിയ അത്‌ലെറ്റിക്കോ ബിൽബാവോയെ 2-0 ത്തിന്നു തകർത്ത് നിർണ്ണായക ജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തിൽ കരുത്തരായ സെൽറ്റ ഒസാസുനക്കെതിരെ 3-0 ത്തിന്റെ മികച്ച ജയവും കണ്ടത്തി.

Advertisement