മെസ്സി മിശിഹാ അവതരിച്ചു.. ബാഴ്സ ഒന്നാം സ്ഥാനത്ത്

- Advertisement -

പതിവ് പോലെ ബാഴ്സയുടെ രക്ഷക്ക് മിശിഹാ അവതരിച്ചു , സമനിലയെന്നുറപ്പായ ഘട്ടത്തിൽ സൂപ്പർ താരം ലയണൽ മെസ്സി നേടിയ ഗോളിൽ അത്ലറ്റികോ മാഡ്രിഡിനെതിരെ ബാഴ്സലോണക്ക് 2-1 ന്റെ ജയം. 87 ആം മിനുട്ടിലായിരുന്നു മെസ്സിയുടെ ജയമുറപ്പിച്ച ഗോൾ പിറന്നത്.

പ്രതിരോധത്തിന് പേരുകേട്ട അത്ലറ്റികോ മാഡ്രിഡിനെതിരെ കാര്യങ്ങൾ അത്രയൊന്നും എളുപ്പമായിരുന്നില്ല മെസ്സിക്കും കൂട്ടർക്കും , സീസണിൽ അത്രയൊന്നും ഒത്തിണക്കം കാണിക്കാതിരുന്ന ബാഴ്സ മുന്നേറ്റ നിരക്ക് അതുകൊണ്ട് തന്നെ സിമിയോണിയുടെ ടീമിന്റെ ഗ്രൗണ്ടിൽ എത്രത്തോളം തിളങ്ങാനാവും എന്നത് തന്നെയായിരുന്നു ഏവരും ഉറ്റു നോക്കിയിരുന്നത് , ഗ്രീസ്മാനും ഗമെറോയും , കരാസ്കോയുമൊക്കെ അടങ്ങുന്ന അത്ലറ്റികോ ആക്രമണ നിരയെ പേടിക്കേണ്ടതുണ്ടായിരുന്നു , എന്നാൽ അത്ലറ്റികോ ആക്രമണ നിരയിൽ ഗ്രീസ്‌മാൻ ഒഴികെ വേറൊരാളും കാര്യമായ പ്രകടനം പുറത്തെടുക്കാതിരുന്നത് ബാഴ്സക്ക് കാര്യങ്ങൾ എളുപ്പമാക്കി.

ഇരു ടീമുകളും തുല്യ പ്രകടനം നടത്തിയ ആദ്യ പകുതിയിൽ പക്ഷെ ആർക്കും പന്ത് വലയിലെത്തിക്കാനായില്ല, ബോൾ പൊസഷനിൽ വ്യക്തമായ ആധിപത്യം പുലർത്തിയ ബാഴ്സലോണ ആദ്യ പകുതിയിൽ ഗോളിന് നേരെ 4 ഷോട്ടുകൾ തൊടുത്തെങ്കിലും ഗോളാക്കാനായില്ല , കൗണ്ടർ അറ്റാക്കിങ് സാഹചര്യങ്ങൾ മുതലെടുക്കുക എന്ന അത്ലറ്റികോ തന്ത്രം പക്ഷെ കോക്കെയും , ഗമെറോയും , കറാസ്‌കോയുമൊക്കെ പതിവ് ഫോം കിട്ടാതെ വിഷമിച്ചപ്പോൾ നടപ്പിലായില്ല.

രണ്ടാം പകുതിയിൽ 64 ആം മിനുട്ടിലായിരുന്നു റാഫിഞ്ഞയുടെ ഗോൾ പിറന്നത് , അത്ലറ്റി ബോക്സിൽ ബാഴ്സയെത്തിച്ച പന്ത് ക്ലിയർ ചെയ്യുന്നതിൽ അത്ലറ്റികോ ഡിഫണ്ടർമാർക്ക് പിഴച്ച അവസരം മുതലെടുത്ത് റാഫിഞ്ഞ പന്ത് വലയിലെത്തിച്ചു , ഒക്ടോബറിന് ശേഷം താരത്തിന്റെ ക്ലബ്ബിനായുള്ള ആദ്യ ഗോൾ , 12 മത്സരങ്ങളുടെ ഇടവേളയ്ക്കു ശേഷം റാഫിഞ്ഞയുടെ കാലിൽ നിന്നൊരു ബാഴ്സ ഗോൾ , എന്നാൽ 6 മിനിട്ടുകൾക്ക് ശേഷം ക്യാപ്റ്റൻ ഡിയഗോ ഗോഡിൻ അത്ലറ്റിക്കോയെ ഒപ്പമെത്തിച്ചു , കൊക്കെയെടുത്ത ഫ്രീ കിക്കിൽ നിന്ന് മികച്ചൊരു ഹെഡ്ഡർ.

അത്ലറ്റിക്കോയെക്കാളും ഈ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു ബാഴ്സക്ക് , ബദ്ധവൈരികളായ റയൽ മാഡ്രിഡിനെതിരെ ലീഗ് കിരീട പോരാട്ടത്തിൽ തിരിച്ചെത്താൻ അത്ലറ്റിക്കൊക്കെതിരെ ഒരു ജയമില്ലാതെ അവർക് പറ്റുമായിരുന്നില്ല , പ്രത്യേകിച്ചും 2 കളികൾ കുറവ് കളിച്ച റയൽ പോയിന്റ് നിലയിൽ ഒന്നാമതായി നിൽക്കുന്ന സാഹചര്യത്തിൽ.

സമനിലകൊണ്ട് കാര്യമായൊന്നും നേടാനില്ല എന്നറിയാവുന്ന ബാഴ്സ താരങ്ങൾ വിജയ ഗോളിനായി ശ്രമിച്ചെങ്കിലും അത്ലറ്റികോ പ്രതിരോധിച്ചു തന്നെ നിന്നു , 87 ആം മിനുട്ടിൽ ക്യാപ്റ്റൻ ലയണൽ മെസ്സി ബാഴ്സയുടെ രക്ഷകനായി , അത്ലറ്റിക്കൊക്കെതിരെ മറ്റേത്‌ ല ലീഗ കളികാരനെക്കാളും ഗോൾ നേടിയിട്ടുള്ള മെസ്സിയുടെ മറ്റൊരു ഗോൾ , മെസ്സിയുടെ ആദ്യ ഷോട്ട് അത്ലറ്റികോ പ്രതിരോധം തടുത്തെങ്കിലും മെസ്സിയുടെ മികച്ച റീബൗണ്ട് തടുക്കാൻ അവർക്കായില്ല. ഈ ഗോളോടെ ല ലീഗെയിൽ മെസ്സിക്ക് 20 ഗോളായി, ല ലീഗെയിലെ ടോപ് സ്കോററും മെസ്സി തന്നെ. സ്കോർ ഷീറ്റിൽ ഇടം നേടാനായില്ലെങ്കിലും മറ്റേത്‌ ബാഴ്സ താരത്തേക്കാളും മികച്ചു നിന്നത് നെയ്മറായിരുന്നു. ഇവാൻ രാക്കിറ്റിച്ചിനെ ബെഞ്ചിലിരുത്തി തന്നെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച കോച്ച് ലൂയിസ് എൻറിക്കെയുടെ തീരുമാനം ന്യായീകരിക്കുന്ന പ്രകടനം റാഫിഞ്ഞയും പുറത്തെടുത്തു.

ജയത്തോടെ 24 കളികളിൽ നിന്ന് 54 പോയിന്റുള്ള ബാഴ്സലോണ ഒന്നാം സ്ഥാനത്തെത്തി , എന്നാൽ 22 കളികളിൽ നിന്ന് 52 പോയിന്റുള്ള റയൽ പിറകിലുണ്ട്, പക്ഷെ ഇന്നത്തെ ജയത്തോടെ കഴിഞ്ഞ മത്സരത്തിൽ തോറ്റ റയലിനെ പ്രതിരോധത്തിലാക്കാൻ ബാഴ്സക്കാവും , 24 കളികളിൽ നിന്ന് 52 പോയിന്റുള്ള സെവിയ്യ മൂന്നാം സ്ഥാനത്തുണ്ട്‌, 24 കളികളിൽ നിന്ന് 45 പോയിന്റ് മാത്രമുള്ള അത്ലറ്റികോ നാലാം സ്ഥാനത്താണ്.

Advertisement