റൊണാൾഡോ ഇല്ലാത്ത മെസ്സി ഇല്ലാത്ത എൽ ക്ലാസിക്കോ ഇന്ന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിലെ ആദ്യ എൽ ക്ലാസികോ ഇന്ന് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ കാമ്പ് നൂവിൽ നടക്കും. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയുമില്ലാത്ത അവസാന പതിനൊന്നു വർഷത്തിലെ ആദ്യ എൽ ക്ലാസിക്കോയാകും ഇത്. ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് കൂടു മാറിയതാണെങ്കിൽ പരിക്കാണ് മെസ്സിയെ എൽ ക്ലാസിക്കോയിൽ നിന്ന് അകറ്റുന്നത്.

റയൽ മാഡ്രിഡിന് ഈ സീസണിൽ കിരീട പോരാട്ടത്തിൽ തങ്ങളെ എഴുതി തള്ളാനായിട്ടില്ല എന്ന് തെളിയിക്കാനുള്ള അവസരാമാണ് ഇന്നത്തെ എൽ ക്ലാസിക്കോ‌. ക്രിസ്റ്റ്യാനോയുടെ അഭാവത്തിൽ ഫോം കണ്ടെത്താൻ കഷ്ടപ്പെടുകയാണ് റയൽ മാഡ്രിഡ്. അവസാന ഏഴു മത്സരത്തിൽ ഒരു ജയം മാത്രമെ റയലിനുള്ളൂ. അവസാന നാലിൽ ആണെങ്കിൽ മൂന്ന് പരാജയവും.

ബാഴ്സലോണയും അത്ര മികച്ച ഫോമിലല്ല. ലീഗിൽ ഒന്നാം സ്ഥാനത്ത് ആണെങ്കിലും സീസണിൽ ഇതുവരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ബാഴ്സക്കായിട്ടില്ല. മെസ്സി കൂടെ ഇല്ലാതാകുന്നതോടെ ബാഴ്സ പിന്നെയും പ്രശ്നത്തിലാകുന്നു. മെസ്സിയെ കൂടാതെ ഉംറ്റിറ്റി, വെർമാലെൻ എന്നിവരും പരിക്ക് കാരണം ബാഴ്സ നിരയിൽ ഇന്നില്ല. മറുവശത്ത് റയലിൽ കർവഹാലും പരിക്കേറ്റ് പുറത്താണ്.

ഇന്ന് രാത്രി 8.45നാണ് മത്സരം നടക്കുക.