മെസ്സിക്ക് ഹാട്രിക്ക്, കാറ്റലാൻ ഡർബിയിൽ ബാഴ്സയ്ക്ക് അഞ്ചു ഗോൾ ജയം

മെസ്സി മാത്രം മതി ബാഴ്സലോണയ്ക്ക്. ഇന്ന് നടന്ന കാറ്റലോണിയൻ ഡർബിയിൽ എസ്പാനിയോളിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ബാഴ്സ പരാജയപ്പെടുത്തിയപ്പോൾ മൂന്നു ഗോളുകളും മെസ്സിയുടെ കാലിൽ നിന്ന്. ജയത്തോടെ മൂന്നു കളികളിൽ ഒമ്പതു പോയന്റുമായി ലാലിഗാ ടേബിളിൽ ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്സയ്ക്കു വേണ്ടി പികെയും സുവാരസും മെസ്സിയെ കൂടാതെ ലക്ഷ്യം കണ്ടു.

റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും പോയന്റ് നഷ്ടമാക്കിയ ദിവസമായതു കൊണ്ട് തന്നെ ജയം മുന്നിൽ കണ്ടായിരുന്നു ബാഴ്സലോണ ഇറങ്ങിയത്. 26ആം മിനുട്ടിൽ റാകിടിചിന്റെ പാസിൽ നിന്നായിരുന്നു മെസ്സിയുടെ ആദ്യ ഗോൾ പിറന്നത്. മെസ്സി ഓഫ് സൈഡ് ആയിരുന്നെങ്കിലും റഫറിക്ക് പിഴച്ചു. 35ആം മിനുട്ടിൽ ജോർദി ആൽബയുടെ പാസിൽ നിന്ന് മെസ്സി കളിയിലെ തന്റെ രണ്ടാം ഗോൾ നേടി.

രണ്ടാം പകുതിയിൽ ജോർദി ആൽബ തന്നെയായിരുന്നു മെസ്സിയുടെ മൂന്നാം ഗോളിനും അവസരം ഒരുക്കിയത്. മെസ്സിയുടെ കരിയറിലെ 42ആം ഹാട്രിക്കാണ് ഇന്ന് പിറന്നത്. ബാഴ്സലോണയ്ക്കായുള്ള 38ആം ഹാട്രിക്കും. ഇന്നത്തെ ഗോളുകളോടെ കാറ്റലോണിയൻ ഡർബിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരവുമായി മെസ്സി.

ബാഴ്സയുടെ പുതിയ സൈനിംഗ് ഡെംബലെയുടെ അരങ്ങേറ്റവും ഇന്ന് കണ്ടു. കളിയുടെ അവസാനം സുവാരസ് നേടിയ ഗോളിന് അവസരം ഒരുക്കികൊണ്ട് ഡെംബലെ ബാഴ്സ അരങ്ങേറ്റം ഗംഭീരമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial