ഒരു പെനാൾട്ടി മിസ്സിന് ഇരട്ട ഗോൾ പരിഹാരവുമായി മെസ്സി, ബാഴ്സക്ക് രണ്ടാം ജയം

- Advertisement -

39ാം മിനുട്ടിൽ മെസ്സിയുടെ ഇടം കാലൻ പെനാൾട്ടി ലക്ഷ്യത്തിലെത്താതിരുന്നപ്പോൾ ഒരു നിമിഷം ബാഴ്സയെയും മെസ്സിയേയും നോക്കി ചിരിച്ചവർക്ക് മറുപടി കൊടുക്കാൻ മെസ്സി അധിക സമയം എടുത്തില്ല. ലാലിഗയിലെ രണ്ടാം മത്സരത്തിൽ ഡിപ്പോർട്ടീവോ അലാവസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബാഴ്സലോണ പരാജയപ്പെടുത്തിയപ്പോൾ രണ്ടു ഗോളുകളും പിറന്നത് മെസ്സി മാജിക്കിൽ നിന്ന് തന്നെയായിരുന്നു.

55ാം മിനുട്ടിൽ ആൽബയുടെ പാസിൽ നിന്നായിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. 66ാം മിനുട്ടിൽ പാകോയുടെ പാസിൽ നിന്ന് വീണ്ടു മെസ്സിയുടെ ഇടം കാൽ ലക്ഷ്യം കണ്ടു. ഇന്നത്തെ രണ്ടു ഗോളുകളോടെ മെസ്സി ലാലിഗയിൽ 351 ഗോളുകൾ എന്ന റെക്കോർഡിൽ എത്തി. വെറും 384 മത്സരങ്ങളിൽ നിന്നാണ് മെസ്സിയുടെ ഈ നേട്ടം.

ലാലിഗയിൽ ബാഴ്സലോണയുടെ തുടർച്ചയായ ഒമ്പതാം വിജയമാണിത്. സീസണിലെ ആദ്യ മത്സരത്തിൽ ബാഴ്സലോണ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് റയൽ ബെറ്റിസിനെ പരാജയപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement