മെസ്സിയുടെ വിരമിക്കൽ ബാഴ്‌സയിൽ വെച്ചാവണം, അദ്ദേഹത്തെ തിരിച്ചെത്തിക്കാൻ ശ്രമിക്കും : ലപോർട

ലയണൽ മെസ്സിയുടെ തിരിച്ചു വരവ് അദ്ദേഹം ടീം വിട്ട നിമിഷം മുതൽ ആരാധകരുടെ സ്വപ്നമാണ്. എന്നെങ്കിലും മെസ്സി തിരിച്ചു വരും എന്ന് തന്നെയാണ് ക്ലബ്ബും ആരാധകരും വിശ്വസിക്കുന്നത്. ദിവസങ്ങൾക്ക് മുൻപാണ് ബാഴ്‌സലോണ പ്രെസിഡന്റ് ലപോർട മെസ്സിയുടെ തിരിച്ചു വരവിനെ കുറിച്ച് സൂചനകൾ നൽകിയത്. ഇപ്പോൾ വീണ്ടും ഇതിഹാസ താരത്തിന്റെ ബാഴ്‌സലോണയിലോട്ടുള്ള വരവിനെ കുറിച്ചു സൂചനകൾ നൽകുകയാണ്.

“മെസ്സി തിരിച്ചു വരണമെന്നാണ് തന്റെ ആഗ്രഹം. മെസ്സി ബാഴ്‌സലോണ വിടാൻ താനും ഒരു തരത്തിൽ ഉത്തരവാദിയാണ്.” ലപോർട പറഞ്ഞു. “മെസിയോട് തങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു” ലപോർട് തുടർന്നു, “മെസ്സിയുടെ കരിയർ ബാഴ്‌സലോണ ജേഴ്‌സി അണിഞ്ഞു ക്യാമ്പ് ന്യൂവിൽ കാണികളുടെ കരഘോഷത്തോടെ ആവണമെന്നാണ് തന്റെ അഭിലാഷം, ഇതിന് വേണ്ടി തന്നെ കൊണ്ട് സാധ്യമായതെല്ലാം ചെയ്യും.”അദ്ദേഹം കൂട്ടിച്ചേർത്തു.

ദിവസങ്ങളുടെ ഇടവേളയിൽ വീണ്ടും ലപോർട മെസ്സിയുടെ തിരിച്ചു വരവിനെ കുറിച്ചു സംസാരിച്ചത് ആരാധരെ ആവേശത്തിലാക്കിയിട്ടുണ്ട്. മെസ്സിയുടെ വിരമിക്കൽ ക്യാമ്പ്ന്യൂവിൽ വെച്ചു തന്നെ ആവണം എന്നാണ് ആരാധരുടെ എക്കാലത്തെയും ആഗ്രഹം. നിലവിലെ ക്ലബ്ബിന്റെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു കൊണ്ടിരിക്കുന്ന പ്രസിഡന്റിന് മെസ്സിയെ തിരിച്ചെത്തിക്കാനും സാധിക്കും എന്നവർ കരുതുന്നു.