മെസി, റൊണാൾഡോ പിന്നെ എൽ ക്ലാസിക്കോയും

- Advertisement -

ലോകത്തെ മികച്ച രണ്ടു ഫുട്ബോൾ ക്ലബ്ബുകൾ മാത്രമല്ല എൽ ക്ലാസിക്കോയിൽ ഏറ്റുമുട്ടുന്നത് ലോകത്തെ മികച്ച രണ്ടു കളിക്കാർ കൂടിയാണ്. സാന്റിയാഗോ ബെര്ണാബ്യൂവിൽ റയലും ബാഴ്‌സയും ഏറ്റുമുട്ടുന്നതിനോടൊപ്പം മെസിയും ക്രിസ്റ്റിയാനോയും ഏറ്റുമുട്ടുന്നു. ഫുട്ബോൾ ലോകത്ത് ഇന്നത്തെ കിരീടം വെക്കാത്ത രാജാക്കന്മാരാണ് ഇരു താരങ്ങളും. ഫുട്ബാൾ ആരാധകർ ഇരു ചേരിയിലായി തിരിഞ്ഞ് കാത്തിരിക്കുന്നതും എൽ ക്ലാസിക്കോയ്ക്ക് വേണ്ടി മാത്രമാണ്. 2017 ന്റെ അവസാനം എൽ ക്ലാസിക്കോയോടൊപ്പമാകുന്നതിൽ ഫുട്ബോൾ ആരാധകർക്കും ആഹ്ലാദം മാത്രം. എൽ ക്ലാസിക്കോയിൽ റയൽ ഇറങ്ങുന്നത് കിരീടപ്പോരാട്ടത്തിലേക്കുള്ള ഒരു കച്ചിത്തുരുമ്പിനായാണ്. ലാലിഗയിൽ ലീഡ് 14 ആയി ഉയർത്തനാണ് ബാഴ്‌സയിറങ്ങുന്നത്.

എല്ലാ ഫുട്ബോൾ ആരാധകനും മെസി ഫാനാണോ? റൊണാൾഡോ ഫാനാണോ? എന്ന ചോദ്യം ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ടിട്ടുണ്ടാവും.
ഓരോ വർഷം കഴിയും തോറും മെസിയും റൊണാൾഡോയും ഇരുവരുടെയും പെർഫോമൻസ് ലെവൽ ഉയർത്തിക്കൊണ്ടു വരുകയാണ്. ഇത്തവണത്തെ എൽ ക്ലാസിക്കോയിൽ ഇറങ്ങുമ്പോൾ രണ്ടു പേരും പലകാര്യങ്ങളിലും സമനില പാലിച്ചിരിക്കുകയാണ്. ഈ വർഷം 53 ഗോളുകളാണ് മെസിയും റൊണാൾഡോയും നേടിയിട്ടുള്ളത്. ആരാകും ഈ വർഷത്തെ ടോപ്പ് സ്‌കോറർ എന്നറിയാൻ ശനിയാഴ്ച വൈകുന്നേരം വരെ നമ്മൾ കാത്തിരിക്കേണ്ടി വരും. ബാലൻ ദേ’ ഒറിന്റെ കാര്യത്തിലും ഗോൾഡൻ ബൂട്ടിന്റെ കാര്യത്തിലും ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുടെ കാര്യത്തിലും മെസിയും റൊണാൾഡോയും തുല്യത പാലിക്കുകയാണ് നിലവിൽ.

ഇരു ടീമുകളുടെയും ആക്രമണത്തെ നയിക്കുന്നത് മെസിയും റൊണാൾഡോയുമാണ്. 2009 മുതൽ എൽ ക്ലാസിക്കോയിൽ ഇരു താരങ്ങളും നേർക്ക് നേർ മത്സരിക്കാൻ തുടങ്ങി. കഴിഞ്ഞ സീസൺ ലീഗും തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗും അടക്കം അഞ്ചോളം ട്രോഫികളാണ് റൊണാൾഡോയും കൂട്ടരും സ്വന്തമാക്കിയത്. എന്നാൽ ഇത്തവണ മെസിയും ബാഴ്‌സയും മികച്ച ഫോമിലാണ് താനും. നേർക്ക് നേർ 34 തവണയാണ് ഇരു താരങ്ങളും ഏറ്റുമുട്ടിയത്. പത്ത് മത്സരങ്ങളിൽ ക്രിസ്റ്റിയാനോയും പതിനഞ്ച് മത്സരങ്ങളിൽ മെസിയും വിജയിച്ചു. 20 ഗോളുകളുമായി മെസി മുന്നിൽ നിൽക്കുമ്പോൾ റൊണാൾഡോ നേടിയത് 18 ഗോളുകൾ. ശനിയാഴ്ചത്തെ എൽ ക്ലാസിക്കോയിൽ ലോകത്തെ മികച്ച ഇരു ടീമുകൾ ഏറ്റുമുട്ടുന്നതിനോടൊപ്പം ഫുട്ബോൾ ചരിത്രത്തിൽ തങ്ങളുടേതായ ഇതിഹാസമെഴുതിയ രണ്ടു താരങ്ങൾ തമ്മിലുമാണ് ഏറ്റുമുട്ടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement