റയൽ ട്രാൻസ്ഫർ കൊയ്ത്ത് തുടരുന്നു, മെൻഡിയും മാഡ്രിഡിൽ

റയൽ മാഡ്രിഡ് ഈ ട്രാൻസ്ഫർ വിൻഡോയിലെ മൂന്നാമത്തെ സൈനിംഗും പൂർത്തിയാക്കി. ലിയോണിന്റെ ഫ്രഞ്ച് താരം ഫെർലൻഡ് മെൻഡിയാണ് യോവിച്ചിനും ഹസാർഡിനും ശേഷം റയലിൽ എത്തുന്ന മൂന്നാമനായത്. ലെഫ്റ്റ് ബാക്കായ മെൻഡി മാർസെലോയുടെ ദീർഘ കാലത്തേക്കുള്ള പകരക്കാരനായാണ് ബെർണാബുവിൽ എത്തുന്നത്.

48 മില്യൺ യൂറോ ലിയോണിന് നൽകിയാണ് റയൽ താരത്തെ ടീമിൽ എത്തിച്ചത്. മെൻഡിയുടെ വരവോടെ മാർസെലോയുടെ റയൽ മാഡ്രിഡിലെ ഭാവിയും തുലാസിലായി. വെറ്ററൻ താരത്തെ മാറ്റി നിർത്തി സിദാൻ അടുത്ത സീസൺ തുടക്കം മുതൽ മെൻഡിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താനുള്ള സാധ്യത ഏറെയാണ്. റയൽ ടീമിന് പുതിയ മുഖം നൽകാൻ തയ്യാറെടുക്കുന്ന സിദാൻ ഇനി പോൾ പോഗ്ബയെയും ടീമിൽ എത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്.