ബാഴ്‌സലോണ വിടാൻ മടിച്ച് ബ്രാത്വൈറ്റ്

ഡാനിഷ് മുന്നേറ്റ താരം മാർട്ടിൻ ബ്രാത്വൈറ്റിന് പുതിയ തട്ടകം തേടാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് എഫ് സി ബാഴ്‌സലോണ. പക്ഷെ താരത്തിന്റെ ഉയർന്ന സാലറി ടീമിന് തിരിച്ചടിയായിക്കൊണ്ടിരിക്കുകയാണ്. ലാ ലീഗയിൽ നിന്നും പ്രിമിയർ ലീഗിൽ നിന്നും താരത്തിന് വേണ്ടി പല ടീമുകളും ബാഴ്‌സലോണയെ സമീപിച്ചിരുന്നെങ്കിലും നിലവിലെ വരുമാനത്തിൽ കുറവൊന്നും വരുത്താൻ താരം സന്നദ്ധനല്ലാത്തത് കൈമാറ്റത്തിന് തടസമായി തുടരുന്നത്.

സെൽറ്റ വീഗൊ അടക്കമുള്ള ക്ലബ്ബുകൾ ബ്രാത്വൈറ്റിനെ എത്തിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ ബാഴ്‌സലോണ നിലവിൽ നൽകുന്ന വരുമാനം നൽകാൻ അവർ സന്നദ്ധരല്ല. ടീമിൽ നിന്നും ഫ്രീ ഏജന്റ് ആയി പോകാൻ തയ്യാറായാലും ബാഴ്‌സലോണയുമായി കരാർ ബാക്കിയുള്ള വർഷങ്ങളിലെ തുകയും താരം അവശ്യപ്പെട്ടേക്കും എന്നാണ് സൂചനകൾ. ടീമിൽ ഒരു പിടി പുതിയ മുന്നേറ്റ താരങ്ങൾ എത്തിയതോടെ അവസരങ്ങൾ കുറയുമെന്ന് ഉറപ്പായിട്ടും ടീം വിടാനുള്ള വഴികൾ തേടുന്നില്ല മുപ്പത്തിയൊന്ന്കാരൻ.

പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ നിലവിലെ താരങ്ങളിൽ കുറച്ചു പേരെ ഒഴിവാക്കേണ്ടത് ബാഴ്‌സക്ക് അത്യാവശ്യമാണ്. ബ്രത്വൈറ്റ്, നെറ്റോ, ഉംറ്റിട്ടി തുടങ്ങിയ താരങ്ങളെ ആയിരുന്നു ബാഴ്‌സ ഒഴിവാക്കാൻ നിശ്ചയിച്ചിരുന്നത്. റിക്കി പൂജിനെ എംഎൽഎസിലേക്ക് കൈമാറാൻ ടീമിനായിരുന്നു.

Story Highlight: Martin Braithwaite is refusing to leave Barcelona