അങ്ക കലിയുമായി മാഡ്രിഡ് മുഖങ്ങൾ ഇന്ന് യുദ്ധകളത്തിൽ

ലാ ലീഗയിൽ കിരീട പോരാട്ടം അതിന്റെ ഏറ്റവും ആവേശകരമായ ദിനങ്ങളിലേക്കാണ് കടക്കുന്നത്. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് മുമ്പ് റയൽ, അത്ലെറ്റിക്കോ ടീമുകൾ നേർക്കുനേർ വരുമ്പോൾ തീ പാറും എന്നുറപ്പാണ്. സിമിയോണി, സിദാൻ എന്നീ പരിശീലകരുടെ തന്ത്രങ്ങളും വലിയ താരനിരയും മത്സരത്തിന് മറ്റൊരു മാനം തന്നെ നൽകുന്നു. ഒപ്പം റയലിന്റെ കിരീട സ്വപ്നത്തിനും ഈ മത്സരം നിർണ്ണായകമാവും. ഇപ്പോൾ ബാഴ്സയെക്കാൾ ഒരു മത്സരം കുറവ് കളിച്ചെങ്കിലും 2 പോയിന്റ് മുമ്പിലുള്ള റയലിന് പക്ഷെ അതൊന്നും അത്ര ആശ്വാസം പകരാനിടയില്ല.

മിന്നും ഫോമിലാണ് റയൽ, ഇടക്ക് സമനില കുരുക്കിൽ പെട്ട അവർ ലീഗിൽ തുടർച്ചയായ ആറാം ജയമാണ് അത്ലെറ്റിക്കോക്കെതിരെ ലക്ഷ്യമിടുന്നത്. റൊണാൾഡോ, മോഡ്രിച്ച്, മൊറാറ്റ, ക്രൂസ്, മിന്നും ഫോമിലുള്ള ഇസ്കോ എന്നിവർ റയൽ മുന്നേറ്റത്തിന് കരുത്താകുന്നു. ഒപ്പം ബെയ്ലിന്റെ സാന്നിധ്യവും അവർക്ക് കരുത്താകുന്നു. പ്രതിരോധത്തിനു സഹായകമായി മധ്യനിരയിൽ കാസ്മരെയുടെ സാന്നിധ്യമാവും റയൽ പ്രകടനത്തിൽ ഏറ്റവും നിർണ്ണായകമാവുക. ഗോളിൽ നവാസും പ്രതിരോധത്തിൽ വലിയ മത്സരങ്ങളിൽ തിളങ്ങുന്ന ക്യാപ്റ്റൻ റാമോസ്, പെപെ എന്നിവരിൽ റയലിന് വിശ്വാസമറിയിക്കാം. 2014 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അത്ലെറ്റിക്കോക്കെതിരെ ഗോളടിച്ച റാമോസിന് അവർക്കെതിരെ മികച്ച ഓർമ്മകളാണ് എന്നുമുള്ളത്. ഒപ്പം റൊണാൾഡോയുടെ ഗോളടി മികവും റയലിന്റെ ഏറ്റവും വലിയ കരുത്താകും.

മറുവശത്ത് കഴിഞ്ഞ സീസണിലെ ഫോം ലീഗിൽ ആവർത്തിക്കാൻ സാധിക്കാതിരുന്ന അത്ലെറ്റിക്കോ പക്ഷെ ചാമ്പ്യൻസ് ലീഗിൽ മിന്നും പ്രകടനമാണ് പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. തുടക്കത്തിലേറ്റ തിരിച്ചടിക്ക് ശേഷം ലീഗിൽ സമീപകാലത്ത് ഫോമിലെത്താനും അവർക്കായി. തുടർച്ചായ അഞ്ച് വിജയങ്ങളുമായി മത്സരത്തിനെത്തുന്ന സിമിയോണിയുടെ ടീം കിരീടത്തേക്കാൾ മൂന്നാം സ്ഥാനമാവും ലീഗിൽ ലക്ഷ്യമിടുക. മികച്ച താര നിര സ്വന്തമായിട്ടുള്ള അത്ലെറ്റിക്കോയെ അലട്ടുന്നത് വമ്പൻ താരങ്ങളുടെ ഫോമില്ലായ്മയാണ്. എങ്കിലും ഗ്രീസ്മാൻ, ടോറസ്, കരാസ്കോ എന്നിവരടങ്ങുന്ന മുന്നേറ്റം ഏത് ടീമിനും വെല്ലുവിളി ഉയർത്താൻ പോന്നതാണ്. മധ്യനിരയിൽ ക്യാപ്റ്റൻ കോക്ക, സോൾ നുഗസ് എന്നിവരും വിശ്വസ്ഥരാണ്. എങ്കിലും ഗോഡിൻ, ഫിലിപ്പ് ലൂയിസ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾ കീപ്പറിലൊരാളായ ഒബ്ലാങ്ക് എന്നിവരടങ്ങിയ പ്രതിരോധം തന്നെയാണ് എന്നത്തേയും പോലെ അത്ലെറ്റിക്കോയുടെ ശക്തി. അവരുടെതായ ദിനം അത്ലെറ്റിക്കോ പ്രതിരോധം മറികടക്കുക എന്നത് അസാധ്യമാണ് എന്ന് തന്നെ പറയാം.

അക്രമത്തിൽ വിശ്വസിക്കുന്ന സിദാനും പ്രതിരോധത്തിന്റെ ആശാൻ സിമിയോണിയും നേർക്ക് നേർ വരുമ്പോൾ അത് തന്ത്രങ്ങളുടെ പോരാട്ടം കൂടിയാകുന്നു. ചരിത്രപരമായി റയൽ മാഡ്രിഡിന് വലിയ മുൻ തൂക്കം മാഡ്രിഡ്‌ ഡർബിയിൽ അവകാശപ്പെടാം. എങ്കിലും സമീപകാലത്ത് അത്ലെറ്റിക്കോയാണ് മുൻതൂക്കം പുലർത്തുന്നത്. സീസണിൽ മുമ്പ് ഏറ്റ് മുട്ടിയപ്പോൾ റൊണാൾഡോയുടെ ഹാട്രിക്ക് മികവിൽ റയലാണ് ജയം കണ്ടത്. ഒപ്പം രണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിലേയും തോൽവിക്ക് പ്രതികാരം തേടിയാവും സിമിയോണിയും സംഘവും ഇന്ന് സാന്റിയാഗോ ബർണബായിൽ ഇറങ്ങുക. ഇന്ത്യൻ സമയം രാത്രി 7.45 നു നടക്കുന്ന മത്സരം ടെൻ നെറ്റ് വർക്കിൽ തൽസമയം കാണാവുന്നതാണ്.

Previous articleസച്ചിന്‍ ബേബിയ്ക്ക് കൂട്ടായി വിഷ്ണു വിനോദ്
Next articleലാ ലീഗയിൽ ബാഴ്സക്ക് മലാഗ കടമ്പ