ഗോളൊന്നുമില്ലാതെ മെട്രോപോളിറ്റാനോയിലെ ആദ്യ മാഡ്രിഡ് ഡെർബി

വാൻഡ മെട്രോ പൊളിറ്റാനോയിലെ ആദ്യ മാഡ്രിഡ് ഡെർബിയിൽ ഗോൾ രഹിത സമനില. ഇരു ടീമുകൾക്കും പരിമിതമായ അവസരങ്ങൾ മാത്രം ലഭിച്ച മത്സരത്തിൽ ഇരു ടീമുകളും മികച്ച പ്രതിരോധമാണ് പുറത്തെടുത്തത്. ഇരു ടീമുകളിലെയും മുന്നേറ്റ നിരയിൽ വൻ താരങ്ങൾ കാര്യമായി ഒന്നും ചെയാനാവാതെ പരാജയമായതോടെയാണ് ഇരു ടീമുകൾക്കും പോയിന്റ് പങ്കിടേണ്ടി വന്നത്. മാഡ്രിഡ് ടീമുകൾ പോയിന്റ് പങ്കിട്ടതോടെ ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണക്ക് മാഡ്രിഡ് ടീമുകൾക്കെതിരെ 10 പോയിന്റ് വിത്യാസം നേടാനായി. എങ്കിലും ഒരു മത്സരം ബാക്കിയിരിക്കെ 27 പോയിന്റുള്ള വലൻസിയ ബാഴ്സക്ക് പിന്നാലെയുണ്ട്.

ഏറെ നാളുകൾക്ക് ശേഷം ഡാനി കാർവഹാൽ റയൽ ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയപ്പോൾ അത്ലറ്റികോ നിരയിൽ ഫിലിപ്പേ ലൂയിസിന്‌ പകരം ലൂകാസ് ഫെർണാണ്ടസ് ഇടം നേടി. റയൽ ആക്രമണ നിരയിൽ പതിവ് പോലെ റൊണാൾഡോയും ബെൻസീമായും ഇസ്കോയും ഇടം നേടി. അത്ലറ്റികോ നിരയിൽ ഗ്രീസ്മാനൊപ്പം കൊറെയായും സൗൾ നിഗസും ഇടം നേടി. ക്രൂസിലൂടെ റയലും  കൊറെയായിലൂടെ അത്ലറ്റിയും ഗോളിന് അടുത്തെത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ ഇരു ടീമുകൾക്കും വിനയായി. ആദ്യ പകുതിയിൽ ഈ രണ്ടു അവസരങ്ങൾ മാറ്റി നിർത്തിയാൽ ഇരു ടീമുകൾക്കും വ്യക്തമായ അവസരങ്ങൾ ഒന്നും ലഭിച്ചതുമില്ല.

രണ്ടാം പകുതിയിൽ ക്യാപ്റ്റൻ റാമോസിന് പകരം നാച്ചോയെ ഉൾപ്പെടുത്തിയാണ് സിദാൻ ടീമിനെ  ഇറക്കിയത്. ആദ്യ പകുതിയിൽ മൂക്കിന് ഏറ്റ പരിക്കാണ് റയൽ ക്യാപ്റ്റനെ പിന്മാറാൻ നിര്ബന്ധിതമാക്കിയത്. 54 ആം മിനുട്ടിൽ സിമയോണി യാനിക് കരാസ്‌കോയെ ഇറക്കിയെങ്കിലും അത്ലറ്റികോ ആക്രമണത്തിൽ കാര്യാമായ പുരോഗതി ഉണ്ടായില്ല. 70 മിനുറ്റ് പിന്നിട്ടതോടെ സിദാൻ ബെൻസീമയെ പിൻവലിച്ച് അസെൻസിയോയെയും, സിമയോണി ടോറസിനെയും ഗമേറോയെയും ഇറക്കി. ഇരുവരും ചേർന്ന് മത്സരത്തിലെ ഏറ്റവും മികച്ച അവസരം സൃഷ്ടിച്ചെങ്കിലും റയൽ ഡിഫെണ്ടർ വരാനിന്റെ അവസരത്തിലുള്ള ഇടപെടൽ റയലിനെ ഗോൾ വഴങ്ങുന്നതിൽ നിന്ന് രക്ഷിച്ചു. പിന്നീടുള്ള സമയവും ഒരു ടീമുകൾക്കും കാര്യമായി ഒന്നും ചെയാനാവാതെ വന്നതോടെ അത്ലറ്റിക്കോയുടെ പുത്തൻ സ്റ്റേഡിയത്തിലെ ആദ്യ ഡെർബി സമനിലയിൽ അവസാനിച്ചു.

ഇരു ടീമുകളും പോയിന്റ് പങ്കിട്ട് 24 പോയിന്റ് ഉണ്ടെങ്കിലും ഗോൾ വിത്യാസത്തിന്റെ അടിസ്ഥാനത്തിൽ റയൽ മൂന്നാം സ്ഥാനത്ത് തുടരും. അത്ലറ്റികോ നാലാം സ്ഥാനത്താണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപത്ത് പേരുമായി കളിച്ച് ലെവർകൂസൻ ലെപ്‌സിഗിനെ സമനിലയിൽ തളച്ചു
Next articleഫ്രാൻസിൽ പി എസ് ജി അപരാജിത കുതിപ്പ് തുടരുന്നു