ലൂയിസ് എൻറിക്വേ ബാഴ്സ വിടുന്നു

- Advertisement -

ബാഴ്‌സലോണ പരിശീലകൻ ലൂയിസ് എൻറിക്വേ സീസൺ അവസാനത്തോടെ ബാഴ്സലോണ പരിശീലക സ്ഥാനം ഒഴിയും. ക്യാമ്പ് നൂവിൽ സ്പോർട്ടിങ് ഗിജോണിനെതിരായ 6-1 ന്റെ ജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുൻ ബാഴ്സ താരം കൂടിയായ 46 കാരൻ.

ആദ്യ 2 സീസണിൽ തന്നെ 8 പ്രധാന കിരീടങ്ങളാണ് എൻറിക്വ ബാഴ്സയിൽ എത്തിച്ചത്. ആദ്യ സീസണിൽ ട്രെബ്‌ൾ നേടിയ ടീം രണ്ടാം സീസണിൽ ഡബ്ബിൾ നേടി. 1 ചാമ്പ്യൻസ് ലീഗ്, ചാമ്പ്യൻസ് ലീഗ്,2 ലാലിഗ,2 കോപ്പ ഡെൽ റെ, സൂപ്പർ കോപ്പ, യുവേഫ സൂപ്പർ കപ്പ്, ക്ലബ് വേൾഡ് കപ്പ് എന്നിവയാണ് ബാഴ്സ എൻറിക്വയുടെ കീഴിൽ നേടിയത്. നിലവിൽ ഈ സീസണിൽ ല ലീഗെയിൽ റയൽ മാഡ്രിഡിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും കിരീടം നില നിർത്താം എന്ന് തന്നെയാണ് എൻറിക്വയുടെ പ്രതീക്ഷ.

സീസൺ അവസാനത്തോടെ വിശ്രമം ആവശ്യമാണെന്നാണ് എൻറികേ കാരണം പറഞ്ഞതെങ്കിലും ഈ സീസണിൽ ടീമിന്റെ താരതമ്യേന ശരാശരി പ്രകടനവും ചാമ്പ്യൻസ് ലീഗിൽ പാരീസ് സൈന്റ്റ് ജർമനോട് 4-0 ത്തിന്റെ തോൽവി വഴങ്ങി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താകലിന്റ വക്കിൽ എത്തിയതും എൻറിക്വയും ബാഴ്സയും വഴി പിരിയാൻ തീരുമാനിച്ചതിൽ കലാശിച്ചു എന്ന് വേണം കരുതാൻ.

ഭാവി തീരുമാനങ്ങളെ കുറിച്ചൊന്നും സൂചന നൽകാതെ ബാഴ്സ വിടാനുള്ള എൻറിക്വയയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി ബാഴ്സലോണ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. മെസ്സി-സുവാരസ്-നെയ്മർ ത്രയത്തെ ലോകത്തിന് സമ്മാനിച്ച എൻറിക്വ ബാഴ്സയുടെ അടിസ്ഥാന തത്വങ്ങളിൽ കാര്യമായ വ്യതിചലനം നടത്താതെ തന്നെയാണ് ടീമിനെ ജയത്തിലെത്തിച്ചത്.

മുൻ ബാഴ്സ താരവും നിലവിൽ ഇംഗ്ളീഷ് ക്ലബ് എവർട്ടന്റെ പരിശീലകനുമായ റൊണാൾഡ് കൂമാന്റേതടക്കം ഏതാനും പേരുകൾ പുതിയ ബാഴ്സ പരിശീലക സ്ഥാനത്തേക്ക് കേൾക്കുന്നുണ്ടെങ്കിലും സീസൺ അവസാനത്തോടെ മാത്രം പുതിയ കോച്ചിനെ പ്രഖ്യാപിക്കാനാണ് ബാഴ്സയുടെ തീരുമാനം എന്നറിയുന്നു.

Advertisement