ഇവരിൽ ആരാവും സിദാന്റെ പിൻഗാമി?

മൂന്ന് ചാംപ്യൻസ് ലീഗ് കിരീടം സാന്റിയാഗോ ബെർണാബുവിൽ എത്തിച്ച ശേഷം സിദാൻ പടിയിറങ്ങുമ്പോൾ ലോകമെമ്പാടുമുള്ള റയൽ ആരാധകരുടെ ഉള്ളിലുള്ള ചോദ്യം ഒന്ന് മാത്രമാണ്. ആരാവും ഇനി റയൽ മാഡ്രിഡ് പരിശീലകൻ ? ഫ്ലോറന്റീനോ പെരസ് എന്ന യൂറോപ്പിലെ തന്നെ ഏറ്റവും ശക്തനായ ക്ലബ്ബ് പ്രസിഡന്റ് ആരെയാവും ബെർണാബുവിൽ ചുമതല ഏൽപ്പിക്കുക. യൂറോപ്പിൽ എതിരാളികൾ ഇല്ലാതെ വിലസുമ്പോഴും സ്പാനിഷ് ഫുട്ബോളിൽ സമ്മിശ്ര പ്രകടനം തുടരുന്ന ടീമിനെ ബാഴ്സകൊപ്പം എത്തിക്കാൻ താഴെ കാണുന്നവരിൽ ആരെങ്കിലും വരാനാണ് സാധ്യത.

ആർസെൻ വെങ്ങർ

മുൻപും പല തവണ റയലിന്റെ പരിശീലകനാവാൻ പെരസ് വെങ്ങറിനെ ക്ഷണിച്ചിട്ടുണ്ട്. അന്നൊക്കെ നിരസിച്ച വെങ്ങർ ഇപ്പോൾ ആഴ്സണൽ വിട്ട് പുതിയ സാധ്യതകൾ തേടി കൊണ്ടിരിക്കുന്നു. റയൽ ഓഫർ വന്നാൽ അദ്ദേഹം സ്വീകരിക്കാതിരിക്കാനുള്ള സാധ്യത വിരളമാണ്.

സിദാനെ പോലെ കളിക്കാരുമായി മികച്ച ബന്ധം ഉണ്ടാക്കാനുള്ള കഴിവ് വെങ്ങറിന് തുണയാകും. റയൽ എന്നും മുന്നോട്ട് വെച്ച ആക്രമണ ഫുട്ബോൾ തന്നെയാവും വെങ്ങറും പിന്തുടരുക. നിലവിലെ ടീമിൽ കാര്യമായ അഴിച്ചു പണി ഇല്ലാതെ തന്നെ വെങ്ങർക്ക് ഏറ്റെടുക്കാനാവും എന്നതും സാധ്യത വർധിപ്പിക്കുന്നു.

അന്റോണിയോ കോണ്ടെ

നിലവിൽ ചെൽസി പരിശീലകൻ ആണെങ്കിലും ഏതു നിമിഷവും ഇറ്റലികാരനെ ചെൽസി പുറത്താക്കാൻ സാധ്യതയുണ്ട്. യുവന്റസിൽ സിദാനൊപ്പം കളിച്ച അന്റോണിയോ പരിശീലകൻ എന്ന നിലയിൽ 3 സീരി എ കിരീടവും 1 പ്രീമിയർ ലീഗ് കിരീടവും നേടി കഴിവ് തെളിയിച്ചതാണ്.

കളിക്കാരുമായി ഉടക്കിയ ചരിത്രമുള്ള കോണ്ടെ കളിക്കാരുടെ ശബ്ദത്തിന് ഏറെ വിലയുള്ള റയൽ പോലൊരു ക്ലബ്ബിൽ എത്രത്തോളം വിജയകരമാവും എന്നതും പെരസിന്റെ ചിന്തയിൽ വരും. പ്രതിരോധത്തിൽ ഊന്നിയുള്ള കോണ്ടെയുടെ ശൈലിയും റയൽ ഫാൻസിന്റെ ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും എന്നത് ഉറപ്പാണ്. എങ്കിലും അസാമാന്യ ടാക്ടിക്കൽ പാടവവും അച്ചടക്കമുള്ള കളിയും പുറത്തെടുക്കുന്ന കോണ്ടേക്ക് റയലിനൊപ്പം ബാഴ്സക്ക് കനത്ത വെല്ലുവിളി ഉയർത്താനാവും.

യൂറോപ്യൻ ഫുട്ബോളിൽ കാര്യമായി ഒന്നും ചെയ്യാൻ ആയിട്ടില്ല എന്നത് കോണ്ടേക്ക് വിനയാവും. യൂറോപ്പിൽ വിജയം കണ്ടെത്തുക എന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിന് റയൽ മാനേജ്മെന്റ് പിന്തുണ നൽകാൻ തീരുമാനിച്ചാൽ അടുത്ത സീസണിൽ ബെർണാബുവിൽ കൊണ്ടെ കാണും.

മൗറീസിയോ പോചെറ്റിനോ

 

സിദാന്റെ രാജി ഏതാനും ദിവസങ്ങൾക്ക് മുൻപ് വന്നിരുന്നെങ്കിൽ റയലിന്റെ ഹോട്ട് സീറ്റിലേക്ക് ഒരു പക്ഷെ ഏറ്റവും സാധ്യത ഈ ആർജന്റീനക്കാരന് ആവുമായിരുന്നു. പക്ഷെ സ്പർസുമായുള്ള കരാർ 2023 വരെ പുതുക്കിയ പോചറ്റിനോയെ ഇനി ബെർണാബുവിൽ എത്തിക്കാൻ റയലിന് ഏറെ പണവും അദ്ധ്വാനവും ചിലവാകും.

5 വർഷത്തെ കരാർ ഉള്ള പരിശീലകന്റെ സേവനം റയലിന് വിട്ട് നൽകാൻ സ്പർസ് ഉടമ ഡാനിയേൽ ലെവിക്ക് വമ്പൻ ഓഫർ തന്നെ നൽകേണ്ടി വരും. മുൻപ് സ്പർസുമായി മികച്ച കൈമാറ്റങ്ങൾ നടത്തിയിട്ടുള്ള റയൽ മാനേജ്മെന്റ് അതിനായി ഇറങ്ങിയാൽ അത് വമ്പൻ വാർത്തയാവും എന്നുറപ്പാണ്.

റയൽ കളിക്കാരും ആരാധകരും ഒരേ പോലെ പിന്തുണക്കുന്ന ആക്രമണ ഫുട്ബോളാണ് പോചെറ്റിനോയുടെ ഏറ്റവും വലിയ ആയുധം. സ്പാനിഷ് ഫുട്ബോളിലുള്ള മുൻ പരിചയവും തുണയാകും. പരിശീലകൻ എന്ന നിലയിൽ കിരീടങ്ങളുടെ അഭാവം റയൽ പരിഗണിച്ചാൽ പോചെറ്റിനോയുടെ സാധ്യത തീരെ ഇല്ലാതാവും.

മാസിമിലാനോ അല്ലേഗ്രി

സിദാന്റെ പൊടുന്നനെയുള്ള രാജിയിൽ ഉലയാൻ സാധ്യതയുള്ള റയൽ ടീമിനെ പിടിച്ചു നിർത്താൻ ഏറ്റവും അനുയോജ്യനായ മാനേജർ. യുവന്റസിൽ മികച്ച റെക്കോർഡുമായി മുന്നേറുന്ന അല്ലേഗ്രി യുവന്റസിൽ തന്നെ തുടരും എന്ന് വ്യക്തമാക്കിയതാണെങ്കിലും റയൽ പോലൊരു യൂറോപ്യൻ വമ്പൻ വന്നു വിളിച്ചാൽ അല്ലേഗ്രി പോകാനാണ് സാധ്യത.

ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും സമ്മിശ്ര കളി പുറത്തെടുക്കുന്ന അല്ലേഗ്രിയുടെ ടീം മിനിമം ഗ്യാരണ്ടി ഉറപ്പ് നൽകുന്നു. വമ്പൻ പണം മുടക്കാതെ തന്നെ വിജയം നേടാനുള്ള അല്ലേഗ്രിയുടെ കഴിവും പരിഗണിക്കപ്പെട്ടേക്കും.

യുവന്റസിൽ നിന്ന് റയൽ ഏറെ നാളായി ലക്ഷ്യമിടുന്ന ദിബാല , പിയാനിച് അടക്കമുള്ള താരങ്ങളെ ബെർണാബുവിൽ എത്തിക്കാനും അല്ലേഗ്രിയുടെ നിയമനം റയലിനെ സഹായിച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്റർ കോണ്ടിനെന്റൽ കപ്പ് ഇന്ന് മുതൽ, ഇന്ത്യക്ക് ഇന്ന് ആദ്യ അങ്കം
Next articleഫൈനൽ തേടി എഫ് സി തൃശ്ശൂർ, അത്ഭുതങ്ങൾ കാണിക്കാൻ ക്വാർട്സ്