ആരും വേണ്ട!!! ബാഴ്സ വീണ്ടും വിജയ വഴിയിൽ

- Advertisement -

ക്യാമ്പ് നൂവിൽ ബാഴ്സക്ക് വിജയത്തുടക്കം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് കാത്തലൻ പട എതിരാളികളായ റയൽ ബെറ്റിസിനെ തോൽപിച്ചത്. ബാഴ്സയുടെ ആദ്യ ഗോൾ ബെറ്റിസ് താരം അലിൻ ടോസ്കോയുടെ സെൽഫ് ഗോൾ ആയിരുന്നെങ്കിൽ രണ്ടാം ഗോൾ ഡർജിയോ റോബർട്ടോ നേടി.

ബാഴ്സലോണ തീവ്രവാദി ആക്രമണത്തിൽ ഇരയായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു തുടങ്ങിയ മത്സരം ബാഴ്സ പതുക്കെയാണ് ആരംഭിച്ചത്. നെയ്മർ ക്ലബ്ബ് വിട്ടതും സുവാരസ് പരിക്കേറ്റ് പുറത്തായതും കാരണം പതിവ് പങ്കാളികൾക്ക് പകരം സെർജിയോ രോബെർട്ടോയും ഡിലൂഫോയുമായിരുന്നു മെസ്സിക്ക് ആക്രമണത്തിൽ കൂട്ട്. വെറ്ററൻ താരങ്ങളായ പിക്കെയെയും ഇനിയെസ്റ്റയെയും ബെഞ്ചിലിരുത്തിയ കോച്ച് വാൽവർടെ നെൽസൻ സ്‌മോഡോക്ക് ആദ്യ ഇലവനിൽ തന്നെ അവസരവും നൽകി. ആദ്യ പകുതിയുടെ തുടക്കത്തിൽ ബാഴ്സ ആക്രമണങ്ങളെ മികച്ച രീതിയിൽ പ്രതിരോധിച്ച ബെറ്റിസ് പക്ഷെ 36 ആം മിനുട്ടിൽ ആദ്യ ഗോൾ വഴങ്ങി. മെസ്സി ഗോൾ നേടി എന്ന് തോന്നിച്ചെങ്കിലും റിപ്ലെകളിൽ അത് ബെറ്റിസ് സെൽഫ് ഗോൾ ആണെന്ന് വ്യക്തമായി. ഗോൾ വഴങ്ങിയ ഉടനെ തിരിച്ചടിക്കാനുള്ള അവസരം തുലച്ച ബെറ്റിസിന് 39 ആം മിനുട്ടിൽ അതിന് വില നൽകേണ്ടി വന്നു. ഡിലോഫോയുടെ മികച്ച പാസ്സ് സെർജിയോ റോബർട്ടോ അനായാസം ബെറ്റിസ് വലയിലെത്തിച്ചു.

രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുത്ത ബാഴ്സ മെസ്സിയുടെ ഏതാനും ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങുന്നതും കണ്ടു. പക്ഷെ മികച്ച രീതിയിൽ ഉംറ്റിറ്റിയും മശരാനോയും അടങ്ങുന്ന പ്രതിരോധം ബെറ്റിസ് ആക്രമണങ്ങളെ തടഞ്ഞതോടെ ബാഴ്സയുടെ വാൽവർടെ യുഗം ജയത്തോടെ ആരംഭിച്ചു. ബാഴ്സ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും പായിക്കാനാവാതെ ബെറ്റിസ് ആക്രമണ നിര നാണം കെടുകയും ചെയ്തു. താരതമ്യേന അനുഭവ സമ്പത്ത് കുറഞ്ഞ ആക്രമണ നിരയിൽ നിന്ന് കോച്ച് വാൽവർടെ ഇനിയും ഏറെ പ്രതീക്ഷിക്കുന്നുണ്ടാവും. ഗോൾ കണ്ടെത്താനായില്ലെങ്കിലും ബാഴ്സ ആക്രമണത്തിന് ചുക്കാൻ പിടിച്ചു മെസ്സി നടത്തിയ ഏതാനും മികച്ച നീക്കങ്ങൾ വരും മത്സരങ്ങളിൽ ബാഴ്സയുടെ ആക്രമണത്തിന് കൂടുതൽ ശക്തി കൈവരും എന്നതിന് തെളിവാണ്.

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement