മൂന്ന് മത്സരങ്ങൾ ബാക്കി, ലാലിഗ കിരീടം ആരു നേടും?

ഇത്തവണ യൂറോപ്പിൽ ഏറ്റവും മികച്ച കിരീട പോരാട്ടം നടക്കുന്ന ലാലിഗയിൽ ആണ്. ഇനി സീസണിൽ മൂന്ന് മത്സരങ്ങൾ മാത്രം ബാക്കിയിരിക്കെ ആര് കിരീടം നേടും എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ് ലീഗിൽ ഉള്ളത്. ഒന്നാമതുള്ള അത്ലറ്റിക്കോ മാഡ്രിഡ് ആണ് ഡ്രൈവിങ് സീറ്റിൽ ഇപ്പോൾ ഉള്ളത്‌. ബാഴ്സലോണയോട് സമനില വഴങ്ങിയതോടെ 77 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. 75 പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാമതും 75 പോയിന്റ് തന്നെയുള്ള ബാഴ്സലോണയും ആണ് അത്ലറ്റിക്കോ മാഡ്രിഡിന് തൊട്ടു പിറകിൽ ഉള്ളത്.

71 പോയിന്റുള്ള സെവിയ്യക്ക് ഇപ്പോഴും കണക്കിൽ സാധ്യതകൾ ഉണ്ട് എങ്കിൽ അവർ കിരീടം നേടണം എങ്കിൽ അത്ഭുതങ്ങൾ നടക്കണം. അവസാനമായി 2013-14 സീസണിലാണ് അത്ലറ്റിക്കോ മാഡ്രിഡ് ലാലിഗ കിരീടം നേടിയത്. അതിനു ശേഷം ഉള്ള സീസണുകളിൽ റയലോ ബാഴ്സലോണയോ അല്ലാതെ വേറെ ഒരു ടീമും ലാലിഗ കിരീടം തൊട്ടിട്ടില്ല. ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ റയൽ സോസിഡാഡ്, ഒസാസുന, വല്ലഡോയിഡ് എന്നീ ടീമുകളെയാണ് അത്ലറ്റിക്കോ മാഡ്രിഡ് നേരിടേണ്ടത്. സോസിഡാഡിനെതിരായ മത്സരമാകും അത്ലറ്റിക്കോ മാഡ്രിഡിന് ഇതിൽ ഏറ്റവും കടുപ്പം.

ലെവന്റെ, സെൽറ്റ വിഗൊ, ഐബർ എന്നിവരാണ് ബാഴ്സലോണയുടെ ഇനിയുള്ള എതിരാളികൾ. അത്ലറ്റിക് ബിൽബാവൊ, വിയ്യറയൽ, ഗ്രനഡ എന്നിവരെ ആകും റയൽ മാഡ്രിഡ് നേരിടേണ്ടത്. കൂട്ടത്തിൽ ഏറ്റവും വിഷമം
ഉള്ള ഫിക്സ്ചർ ഉള്ളത് റയലിനാണ്‌. ഹെഡ് ടു ഹെഡിൽ ബാഴ്സലോണക്ക് എതിരെയും അത്ലറ്റിക്കോ മാഡ്രിഡിന് എതിരെയും മുൻതൂക്കമുള്ള റയലിന് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.

എന്തായാലും കിരീട പോരാട്ടം മെയ് 23ലെ അവസാന രാത്രി വരെ നീളും എന്ന കാര്യത്തിൽ തർക്കമില്ല.