സ്പാനിഷ് ലീഗിന് ഇന്ന് തുടക്കം

- Advertisement -

സ്പാനിഷ് ഫുട്ബോൾ ലീഗായ ല ലീഗക്ക് ഇന്ന് തുടക്കമാവും. കിരീടം നിലനിർത്താൻ റയൽ മാഡ്രിഡും തിരിച്ചു പിടിക്കാൻ ബാഴ്സലോണയും ഇറങ്ങുമ്പോൾ ഇത്തവണയും ലീഗിന്റെ ആവേശം അവസാനം വരെ നീളുമെന്ന് ഉറപ്പാണ്. പക്ഷെ ഉൽഘാടന ദിവസം ഇരു വമ്പന്മാർക്കും കളിയില്ല, ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഡിപോർട്ടിവോ അലാവസ് ലെഗാനസിനെയും രണ്ടാം മത്സരത്തിൽ വലൻസിയ ലാസ് പാൽമസിനെയും നേരിടും.

സിനദിൻ സിദാൻ പരിശീലകനായ ശേഷമുള്ള നല്ല നാളുകൾ തുടരുക എന്നത് തന്നെയാവും റയൽ മാഡ്രിഡിന്റെ ലക്ഷ്യം. പക്ഷെ സൂപ്പർ താരം റൊണാൾഡോക്ക് ലഭിച്ച വിലക്ക് അവർക്ക് തലവേദനയാവും. പക്ഷേ സൂപ്പർ കപ്പിൽ അസെൻസിയോ അടക്കമുള്ള യുവ നിര നടത്തിയ പ്രകടനം സിദാന് പ്രതീക്ഷകൾ നൽകും. നിലവിലെ സാഹചര്യത്തിൽ ബാഴ്സലോണയേക്കാൾ ആത്മവിശ്വാസം സിസുവിന്റെ ടീമിന് തന്നെയാണ്. ജെയിംസ് റോഡ്രിഗസ്, മൊറാത്ത, പെപെ എന്നിവർ ടീം വിട്ടപ്പോൾ തിയോ ഹെർണാണ്ടസ്, ഡാനി സെബെല്ലോസ് എന്നിവർ പുതുതായി ടീമിൽ എത്തി.

ക്ലബ്ബിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വിഷമം പിടിച്ച കാലഘട്ടത്തിലൂടെയാണ് ബാഴ്സലോണ കടന്നു പോകുന്നത്. നെയ്മറിന്റെ ട്രാൻസ്ഫർ അടക്കം വാർത്തകളിൽ ഇടം പിടിച്ചെങ്കിലും പുതിയ താരങ്ങളെ ടീമിൽ എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ക്ലബ്ബിന് കാര്യമായ തിരിച്ചടി നേരിട്ടു. കുട്ടീഞ്ഞോയും ഉസ്മാൻ ദമ്പലെയും അടക്കമുള്ളവർ എത്തുമെന്ന് വാർത്തകൾ ഉണ്ടെങ്കിലും ഇരു ട്രാൻസ്ഫറുകളും പൂർത്തീകരിക്കാൻ ബാഴ്സക്കായിട്ടില്ല. ഇതിനിടയിൽ സ്ട്രൈക്കർ ലൂയി സുവാരസ് പരിക്കേറ്റ് പുറത്തായത് കൂനിന്മേൽ കുരുവായി. പൗളീഞ്ഞോ, നെൽസൻ സെമെഡോ, ദിലോഫു എന്നിവർ പുതുതായി വന്നെങ്കിലും ഇവർ എത്രത്തോളം പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടും എന്നതിന് അനുസരിച്ചിരിക്കും കാത്തലൻസിന്റെ പ്രതീക്ഷകൾ. പുതിയ പരിശീലകൻ വാൽവേർടെയും മെസ്സി അടക്കമുള്ള സൂപ്പർ താരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതും ഈ സീസണിലെ കാഴ്ചകളാവും.

ബാഴ്സക്കും മാഡ്രിഡിനും ഇടയിൻ മൂന്നാം ശക്തിയായി വളർന്ന സിമയോണിയുടെ അത്ലറ്റികോ മാഡ്രിഡിന്റെ ലക്ഷ്യം കഴിഞ്ഞ സീസണിലെ തീർത്തും നിരാശജനകമായ പ്രകടനം ആവർത്തിക്കാതിരിക്കുക എന്നതാവും. ട്രാൻസ്ഫർ ബാൻ നേരിട്ടതോടെ പുതിയ കളിക്കാരെ ആരെയും ടീമിൽ എത്തിക്കാൻ പറ്റാതായതോടെ ക്ലബ്ബിന് നിലവിലെ സ്കോഡ് നിലനിർത്തി ജനുവരി വരെയെങ്കിലും മികച്ച ഫോമിൽ കളിക്കുക എന്നത് കനത്ത വെല്ലുവിളിയാവും. സ്‌ട്രൈക്കർ അന്റോണിയോ ഗ്രീസ്മാനും സിമയോണിയും തമ്മിൽ ഉടക്കിലാണ് എന്ന വാർത്തകളും ശുഭകരമല്ല. എങ്കിലും 2014 ലെ പോലെ പ്രതീക്ഷിക്കാതെ ബാഴ്സയെയും മാഡ്രിഡിനെയും മറികടന്ന് ല ലീഗ കിരീടം നേടാൻ തന്നെയാവും അവരുടെ ലക്ഷ്യം.

വലൻസിയ, റയൽ സോസിഡഡ്, അലാവസ്, ടി പോർട്ടിവോ, ബെറ്റിസ് , എസ്പാന്യോൽ അടക്കമുള്ള ബാക്കി ടീമുകൾക്ക് കിരീട സാധ്യതകൾ കുറവാണെങ്കിലും വമ്പന്മാരുടെ കിരീടത്തിലേക്കുള്ള പ്രയാണത്തിൽ തടസ്സമാവാൻ കെല്പുള്ളവർ തന്നെയാണ് മിക്കവരും.

 

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement