
ല ലീഗെയിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിസ് തങ്ങളുടെ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് ഇന്ന് ല കൊരൂനയിൽ തുടക്കം കുറിക്കും. ഇന്ത്യൻ സമയം രാത്രി 1.45 നാണ് മത്സരം.
ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിന്നാവും സിദാന്റെ ടീം ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുക. സൂപ്പർ കപ്പും, സൂപ്പർ കോപ്പയും അടക്കം രണ്ട് കിരീടങ്ങൾ നേടി മികച്ച ഫോമിലുള്ള റയലിന് തന്നെയാണ് ല ലീഗെയിൽ എല്ലാ സാധ്യതകളും. ക്രിസ്റ്റിയാനോ, ഗരേത് ബെയ്ൽ, ഇസ്കോ അടക്കമുള്ളവർ ടീമിൽ ഇല്ലെങ്കിൽ പോലും ഏത് എതിരാളികളെയും തളയ്ക്കാൻ മാത്രം ശക്തിയുള്ള കരുത്തരാണ് തങ്ങളെന്ന് അവർ ബാഴ്സകെതിരായ രണ്ടു മത്സരങ്ങളിലും തെളിയിച്ചതാണ്. അസെൻസിയോയും, ലൂകാസ് വാസ്കേസും അടക്കമുള്ള യുവ നിരയും മികച്ച ഫോമിൽ ആണെന്നുള്ളത് സിദാന് കാര്യങ്ങൾ എളുപ്പമാക്കുന്നു. റഫറിയെ തള്ളിയതിന് വിലക്ക് നേരിടുന്ന റൊണാൾഡോക്ക് ഇന്ന് കളിക്കാനാവില്ല.
റൊണാൾഡോ കളിക്കാത്ത സ്ഥിതിക്ക് സിദാൻ മാർക്കോ അസെൻസിയോക്ക് ആദ്യ ഇലവനിൽ ഇടം നൽകിയേക്കും. പ്രതിരോധത്തിൽ യുവ സെന്റർ ബാക്ക് വല്ലേജോ പരിക്ക് കാരണം ആദ്യ ഇലവനിൽ ഉണ്ടാവില്ല. ആദ്യ ഇലവനിൽ റാമോസ്-വരാൻ കൂട്ട് കെട്ട് തന്നെയാവും ഇത്തവണയും. ഫെബ്രുവരിയിൽ പെപ്പ മെൽ പരിശീലകനായ ശേഷം തരം താഴ്ത്തൽ ഭീഷണി ഒഴിവാക്കിയ ഡി പോർട്ടീവ് മികച്ച പ്രീ സീസണിന് ശേഷമാണ് ചാംപ്യന്മാരെ നേരിടാൻ വരുന്നത്. പക്ഷെ അവസാനം റയലിനെതിരെ കളിച്ച 13 മത്സരങ്ങളിൽ 12 ലും തോറ്റ അവർ ഒരു മത്സരം സമനിലയിൽ ആക്കി. 2008-2009 സീസണിന്റെ ആദ്യ ദിനം റയലിനെതിരെ നേടിയ ജയത്തിന് തുല്യമായ അട്ടിമറി ജയം സ്വപ്നം കണ്ട് തന്നെയാവും ഡി പോർട്ടിവോ ഇന്നിറങ്ങുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial