മെസ്സിയെ കരുവാക്കി ലാ ലീഗയെ ഭീഷണിപ്പെടുത്തുകയാണോ ബാഴ്‌സലോണ ചെയ്യുന്നത്?

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ലോക കായിക രംഗത്തെ ഞെട്ടിച്ചു ലയണൽ മെസ്സി ബാഴ്‌സലോണ വിട്ടു എന്ന ബാഴ്‌സലോണയുടെ അറിയിപ്പ് വന്നിട്ടും പല കാര്യങ്ങളിലും ഇത് വരെ വ്യക്തത വന്നിട്ടില്ല എന്നത് ആണ് വാസ്തവം. തങ്ങളുടെ കുറിപ്പിൽ ലയണൽ മെസ്സിയും ബാഴ്‌സലോണയും തമ്മിൽ പുതിയ കരാറിൽ ധാരണയായി എന്നും എന്നാൽ ലാ ലീഗയുടെ സാമ്പത്തിക നിയമങ്ങൾ ആണ് തങ്ങൾക്ക് പുതിയ കരാറിൽ ഒപ്പ് വക്കാൻ തടസം എന്നുമാണ് ബാഴ്‌സലോണ പറയുന്നത്. അതിനാൽ തന്നെ ലയണൽ മെസ്സി ഇനി മുതൽ ബാഴ്‌സലോണ താരമല്ല എന്നും അവർ പറയുന്നു. ബാഴ്‌സലോണ ആദ്യം മറ്റ് താരങ്ങളെ വിറ്റ് മെസ്സിയെ ഉൾക്കൊള്ളാൻ ഉള്ള ശ്രമം ആണ് നടത്തിയത്. എന്നാൽ കോവിഡ് കാലഘട്ടത്തിൽ അന്റോണിയോ ഗ്രീസ്മാൻ, സാമുവൽ ഉമിറ്റിറ്റി, പാനിക് തുടങ്ങി ആരെയും വാങ്ങാൻ ക്ലബുകൾ രംഗത്ത് വരാത്തത് അവർക്ക് വലിയ തിരിച്ചടി ആയി. ഇതോടെ സാമ്പത്തിക നിയന്ത്രണങ്ങൾ വച്ച് അവർക്ക് മെസ്സിയെ ഉൾക്കൊള്ളുക അസാധ്യമായി മാറി.

എന്നാൽ അവർക്ക് ഏതാണ്ട് ആശ്വാസം എന്ന നിലയിൽ ആണ് ലാ ലീഗ സി.വി.സിയും ആയി ദീർഘകാല കരാറിൽ ഏർപ്പെടുന്നത്. ലീഗിന്റെ ഒരു വിഹിതം സി.വി.സിക്ക് നൽകുകയും തുടർന്ന് ലഭിക്കുന്ന പണത്തിൽ വലിയ ശതമാനം ക്ലബുകൾക്ക് നൽകുന്ന കരാർ ആയിരുന്നു ഇത്. സീരി എയിലും ബുണ്ടസ് ലീഗയിൽ സാധിക്കാത്തത് സി.വി.സി ലാ ലീഗയിൽ സാധിച്ചപ്പോൾ ബാഴ്‌സലോണക്ക് മാത്രം 250 മില്യൺ യൂറോ ആയിരുന്നു ലഭിക്കാൻ ഇരുന്നത് ഒപ്പം അതിൽ 40 മില്യൺ ട്രാൻസ്ഫർ/ശമ്പള ഇനത്തിൽ ചിലവഴിക്കാനും അവർക്ക് പറ്റും എന്നതിനാൽ മെസ്സിയെ ഉൾക്കൊള്ളാൻ ബാഴ്‌സലോണക്ക് സാധിക്കും എന്ന ഘട്ടവും വന്നു. സൂപ്പർ ലീഗ് ക്ലബുകൾക്ക് പണം ലഭിക്കുന്നത് ആശ്വാസ വാർത്ത ആയെങ്കിലും സൂപ്പർ ലീഗിൽ ഇന്നും തുടരാൻ തീരുമാനിച്ച റയൽ മാഡ്രിഡ് കരാറിന് എതിരെ രംഗത്ത് വരുന്നത് ആണ് പിന്നീട് കണ്ടത്. കരാർ തുക വളരെയധികം കുറഞ്ഞു എന്നും ലാ ലീഗക്കും തങ്ങൾക്കും കരാർ നഷ്ടം ആവുമെന്ന തീരുമാനം എടുത്ത അവർ കരാർ ഒപ്പിടാൻ വിസമ്മതിച്ചു. ഇതോടെ ബാഴ്‌സലോണയും റയലിന് ഒപ്പം സമാനമായ തീരുമാനം എടുത്തു. അതേസമയം കോവിഡ് വലിയ തിരിച്ചടി നൽകിയ മറ്റു ക്ലബുകൾക്ക് ഈ കരാർ താൽക്കാലികമെങ്കിലും വലിയ ആശ്വാസം ആണ് നൽകിയത്.

തുടർന്ന് ഈ കരാറിൽ നിന്നു കൂടുതൽ പണം ആവശ്യപ്പെട്ട റയൽ മാഡ്രിഡും ബാഴ്‌സലോണയും ലാ ലീഗ പ്രസിഡന്റ് യാവിയർ ടെബാസും ആയി ഏതാണ്ട് തുറന്ന യുദ്ധം പ്രഖ്യാപിച്ചു. മെസ്സിയെ ഉൾക്കൊള്ളാൻ ബാഴ്‌സലോണ വഴങ്ങും എന്നു കരുതിയ ടെബാസിനെ ഞെട്ടിച്ചു കൊണ്ടു ബാഴ്‌സലോണ ഫ്ലോറന്റീന പെരസിനും സൂപ്പർ ലീഗ് എന്ന ആശയത്തിനും പിറകിൽ നിന്നു. ഇതോടെ മെസ്സിയെ തഴഞ്ഞു ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ട സൂപ്പർ ലീഗിനെ തിരഞ്ഞെടുക്കുന്നു. എന്നാൽ മെസ്സിയെ പോലെ തങ്ങളുടെ ഏറ്റവും മഹാനായ താരത്തിന് സാമൂഹിക മാധ്യമങ്ങളിലൂടെ വിടവാങ്ങൽ പ്രഖ്യാപിച്ച ബാഴ്‌സലോണ ശ്രമിക്കുന്നത് ലാ ലീഗയെയും ടെബാസിനെയും സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം ആണ് എന്ന നിരീക്ഷണം തുടർന്ന് ആണ് വരുന്നത്. ലയണൽ മെസ്സി എന്ന സൂപ്പർ താരം ഇല്ലാത്ത സ്പാനിഷ് ലാ ലീഗ ആരാധകരിലും പരസ്യ വരുമാനത്തിലും അടക്കം വമോൻ നഷ്ടങ്ങൾ ആണ് ഉണ്ടാക്കുക. നിലവിലെ സാഹചര്യത്തിൽ മെസ്സി ഇല്ലാത്ത ലാ ലീഗ എന്ന ആശയം ലാ ലീഗ അധികൃതർക്ക് വലിയ തിരിച്ചടിയും ആണ്. അതിനാൽ തന്നെ മെസ്സിയെ ഒഴിവാക്കാൻ കാരണം ലാ ലീഗ ആണെന്ന ആരോപണം മുന്നോട്ട് വച്ച് അവരെ സമ്മർദ്ദത്തിലാക്കി നിയമത്തിൽ ഇളവ് നേടുക എന്നത് ആണ് ബാഴ്‌സലോണയുടെ ലക്ഷ്യം എന്നു പലരും നിരീക്ഷണം നടത്തി.

ഇനിയും മെസ്സി മറ്റൊരു ടീമും ആയി കരാറിൽ ഏർപ്പെട്ടില്ല എന്നതിനാൽ തന്നെ ബാഴ്‌സലോണക്ക് മെസ്സിയെ ഇനിയും സ്വന്തമാക്കാൻ സാധിക്കും എന്നത് ആണ് വാസ്തവം. എന്നാൽ ബാഴ്‌സലോണയുടെ ഈ ഭീക്ഷണിക്ക് ലാ ലീഗയും യാവിയർ ടെബാസും വഴങ്ങുമോ എന്നത് കണ്ടു തന്നെ അറിയണം. നിലവിൽ ബാഴ്‌സലോണക്കോ റയലിനോ പെരസിനോ അത്ര താല്പര്യമുള്ള ആൾ അല്ല ടെബാസ്. സൂപ്പർ ലീഗ് വിഷയത്തിൽ അടക്കം ഇരു ക്ലബുകളും യൂറോപ്യൻ, ലാ ലീഗ ഫുട്‌ബോൾ അധികൃതരുമായി തുറന്ന യുദ്ധത്തിലും ആണ്. നിയമങ്ങൾ എല്ലാവർക്കും ഒരു പോലെയാണ് എന്ന തീരുമാനം ലാ ലീഗ അധികൃതർ എടുത്താൽ ബാഴ്‌സലോണയിലെ മെസ്സി യുഗം ഉറപ്പായിട്ടും അവസാനിക്കും അതേസമയം നിലവിലെ സാഹചര്യത്തിൽ മെസ്സിയെ വിട്ടു കളയുക എന്നത് ലാ ലീഗക്ക് ചിന്തിക്കാവുന്നതിനും അപ്പുറം നഷ്ടങ്ങൾ ഉണ്ടാക്കും എന്നത് ആണ് വാസ്തവം. അതിനാൽ തന്നെ വലിയ ക്ലബുകൾക്ക് കീഴടങ്ങി നിയമത്തിൽ മാറ്റം വരുത്താനും അവർ തയ്യാറായാലും അതിശയം ഇല്ല. അതേസമയം ബാഴ്‌സലോണ തങ്ങൾക്ക് മെസ്സിയെ ലാ ലീഗക്ക് നഷ്ടമാവാൻ കാരണം തങ്ങൾ അല്ല എന്ന ബുദ്ധിപരമായ നീക്കം കൂടിയാണ് ഇതിലൂടെ നടത്തിയത്. ബാഴ്‌സലോണ ഭീക്ഷണി ഫലിക്കുമോ എന്നത് കണ്ടു തന്നെ അറിയാം. ബാഴ്‌സലോണയിൽ പുതിയ കരാർ ഒപ്പിടാൻ ഉറപ്പിച്ചു എത്തിയ മെസ്സിക്ക് ഈ തീരുമാനം വലിയ നിരാശയാണ് ഉണ്ടാക്കിയത് എന്നാണ് വാർത്തകൾ. സ്വന്തം ഭാവിയിൽ മെസ്സി വരും ദിനങ്ങളിൽ എന്ത് തീരുമാനം എടുക്കും എന്നും കണ്ടു തന്നെ അറിയാം.