രണ്ടാം പകുതിയിൽ ഗോളുകളുമായി അത്ലറ്റികോ മാഡ്രിഡ്, ലീഗിൽ രണ്ടാമത്

20211129 010123

സ്പാനിഷ് ലാ ലീഗയിൽ ചാഡിസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് മറികടന്നു അത്ലറ്റികോ മാഡ്രിഡ്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മത്സരത്തിലെ ഗോളുകൾ പിറന്നത്. വലിയ ആധിപത്യം മത്സരത്തിൽ പുലർത്തിയിട്ടും ആദ്യ ഗോൾ നേടാൻ 56 മത്തെ മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു സിമിയോണിയുടെ ടീമിന്. യാനിക് കരാസ്കോയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ തോമസ് ലെമാർ ആണ് അത്ലറ്റികോയുടെ ആദ്യ ഗോൾ നേടിയത്.

തുടർന്ന് 70 മത്തെ മിനിറ്റിൽ മാർക്കോസ് യോറന്റെയുടെ പാസിൽ നിന്നു അന്റോൺ ഗ്രീസ്മാൻ അത്ലറ്റികോയുടെ രണ്ടാം ഗോളും നേടി. 6 മിനിറ്റിനകം മതിയാസ് കുൻഹയുടെ പാസിൽ നിന്നു ആഞ്ചൽ കൊറെയ അത്ലറ്റികോയുടെ മൂന്നാം ഗോളും നേടി. തുടർന്ന് അവസാന മിനിറ്റുകളിൽ ഒബ്‌ളാക്കിന്റെ ദേഹത്ത് തട്ടി സെൽഫ്‌ ഗോളായ ഗോളിലൂടെ ചാഡിസ്‌ ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ നാലാം ഗോൾ കണ്ടത്തിയ കുൻഹ അത്ലറ്റികോ ജയം ഉറപ്പിച്ചു. നേരത്തെ എസ്പന്യോളിനോട് റയൽ സോസിദാഡ് എതിരില്ലാത്ത ഒരു ഗോളിനോട് തോറ്റതിനാൽ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് കയറാൻ അത്ലറ്റികോ മാഡ്രിഡിന് ജയത്തോടെ ആയി. അതേസമയം 17 സ്ഥാനത്ത് ആണ് ചാഡിസ് നിലവിൽ.

Previous articleടാമി എബ്രഹാമിന്റെ ഗോളിൽ ടോറീനോയെ വീഴ്‌ത്തി റോമ
Next articleവില്യംസ് ടീം സ്ഥാപകൻ സർ ഫ്രാങ്ക് വില്യംസ് അന്തരിച്ചു