കോമാനെ പുറത്താക്കാനുള്ള ആലോചനയിൽ ബാഴ്സലോണ

യുവേഫ ചാമ്പ്യൻസ് ലീഗിലെ വലിയ പരാജയത്തിനു പിന്നാലെ ബാഴ്സലോണ അവരുടെ പരിശീലകൻ കോമാനെ പുറത്താക്കുന്ന ആലോചനയിലാണ്‌. ലപോർട ഇന്നലെ കോമാനുമായി ചർച്ചകൾ നടത്തിയിരുന്നു. കോമാന്റെ കീഴിൽ ടീം നടത്തുന്ന പ്രകടനത്തിൽ ഒട്ടും തൃപ്തരല്ല ബാഴ്സലോണയും ലപോർടയും. എത്രയും പെട്ടെന്ന് ടീമിനെ തിരികെ ഫോമിൽ എത്തിക്കാൻ ആണ് കോമാനോട് ലപോർട ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് കോമാന് സാധിച്ചില്ല എങ്കിൽ അദ്ദേഹത്തെ ക്ലബ് പുറത്താക്കിയേക്കും.

കോമാനെ പുറത്താക്കിയാൽ ബാഴ്സലോണക്ക് 12മില്യൺ യൂറോയോളം അദ്ദേഹത്തിന് നൽകേണ്ടി വരും. ലപോർടയ്ക്ക് നേരത്തെ തന്നെ വലിയ താല്പര്യമില്ലാത്ത പരിശീലകനാണ് കോമാൻ. ഡച്ച് പരിശീലകന്റെ കീഴിൽ ബാഴ്സലോണ അവരുടെ സ്ഥിരം ശൈലിയിൽ നിന്ന് ഏറെ അകന്നിരുന്നു. ജോർഡി ക്രൈഫിനെയോ സാവിയെയോ ആകും കോമാനെ പുറത്താക്കിയാൽ ലപോർട പകരം കൊണ്ടു വരിക.