Picsart 24 02 11 09 30 52 303

ഒന്നാം സ്ഥാനത്ത് ഇനി സമാധാനത്തിൽ ഇരിക്കാം, റയൽ മാഡ്രിഡ് ജിറോണയെ തകർത്തു

ലാലിഗയിൽ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് വ്യക്തമായ ലീഡിലേക്ക്. ഒപ്പത്തിനൊപ്പം കുറേ കാലമായി ഉണ്ടായിരുന്ന ജിറോണയെ റയൽ മാഡ്രിഡ് ഏകപക്ഷീയമായ മത്സരത്തിൽ പരാജയപ്പെടുത്തി. സാന്റിയാഗോ ബെർണവെയുവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആയിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. ഇരട്ട ഗോളുകളുമായി ജൂഡ് ബെല്ലിങ്ഹാം ഹീറോ ആയി.

ആറാം മിനുട്ടിൽ വാല്വെർദെയുടെ പാസ് സ്വീകരിച്ച് വിനീഷ്യസ് ജൂനിയർ ആണ് റയൽ മാഡ്രിഡിന്റെ ആദ്യ ഗോൾ നേടിയത്. പിന്നീട് 35ആം മിനുട്ടിലും 54ആം മിനുട്ടിലും ജൂഡ് ബെല്ലിങ്ഹാം വലകുലുക്കി‌. ഇതിൽ ആദ്യ ഗോൾ വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു. ഈ ഗോളുകളോടെ ബെല്ലിങ്ഹാം ഈ സീസണിൽ 20 ഗോളുകളിൽ എത്തി.

61ആം മിനുട്ടിൽ റോഡ്രിഗോ കൂടെ റയലിനായി ഗോൾ നേടി. ഈ ഗോളും വിനീഷ്യസ് ജൂനിയർ ആയിരുന്നു ഒരുക്കിയത്‌. അവസാനം ഒരു പെനാൾട്ടിയിലൂടെ അഞ്ചാം ഗോൾ നേടാൻ റയലിന് അവസരം വന്നു എങ്കിലും ഹൊസേലുവിന്റെ കിക്ക് ലക്ഷ്യത്തിൽ എത്തിയില്ല.

ഈ വിജയത്തോടെ റയൽ മാഡ്രിഡിന് ഒന്നാം സ്ഥാനത്ത് 5 പോയിന്റിന്റെ ലീഡ് ആയി. അവർക്ക് 24 മത്സരങ്ങളിൽ നിന്ന് 61 പോയിന്റ് ഉണ്ട്‌ ജിറോണക്ക് 56 പോയിന്റും.

Exit mobile version