കൊളംബിയൻ സ്ക്വാഡിൽ നിന്നും പിന്മാറി റയലിന്റെ ഹാമെസ് റോഡ്രിഗസ്

റയൽ മാഡ്രിഡിന്റെ മധ്യനിരതാരം ഹാമെസ് റോഡ്രിഗസ് കൊളംബിയൻ സ്ക്വാഡിൽ നിന്നും പിന്മാറി. ചിലിക്കും അൾജീരിയക്കും എതിരായ സൗഹൃദ മത്സരങ്ങൾക്കായുള്ള ടീമിലേക്ക് കൊളംബിയൻ പരിശീലകൻ കാർലോസ് ക്വെയ്രോസ് റോഡ്രിഗസിനെ ഉൾപ്പെടുത്തിയിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കൊളംബിയൻ ടീമിലേക്കില്ലെന്നാണ് ഹാമെസ് റോഡ്രിഗസ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്പെയിനിൽ തുടരാനാണ് റോഡ്രിഗസിന്റെ തീരുമാനം. ബയേൺ മ്യൂണിക്കിൽ നിന്നും ലോൺ കഴിഞ്ഞ ശേഷം തിരികെയെത്തിയ ഹാമെസ് റോഡ്രിഗസ് റയലിനായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഗ്രനാഡക്കെതിരായ മത്സരത്തിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം റയലിനായി ഗോളടിക്കാനും റോഡ്രിഗസിനായി. സിദാന്റെ മികച്ച പിന്തുണയാണിപ്പോൾ താരത്തിന് ലഭിക്കുന്നത്. റയലിന് വേണ്ടി ചാമ്പ്യൻസ് ലീഗിലും ലാ ലീഗയിലുമായി 7 മത്സരങ്ങൾ ഹാമെസ് റോഡ്രിഗസ് ഈ സീസണിൽ കളിച്ചു.

Exit mobile version