റയലില്‍ മറ്റുള്ളവരെ പോലെ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഇസ്കോ

- Advertisement -

റയൽ മാഡ്രിഡിൽ തനിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞു സ്പാനിഷ് താരം ഇസ്‌കോ. സാന്റിയാഗോ സോളാരിക്ക് കീഴിൽ തന്റെ സഹതാരങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ തനിക്ക് ലാഭക്കുന്നില്ലെന്നാണ് ഇസ്‌കോ പറയുന്നത്. സിദാന്റെ കീഴിൽ സ്ഥിരം ആദ്യ ഇലവനിൽ ഉണ്ടായിരുന്ന ഇസ്‌കോ ഇതുവരെ സോളാരിക്ക് കീഴിൽ ഒരു ലാലിഗ മത്സരത്തിൽ പോലും സ്റ്റാർട്ട് ചെയ്തിട്ടില്ല.

ഈ സീസണിൽ മിക്കപ്പോഴും ബെഞ്ചിൽ ആയിരുന്നു ഇസ്‌കോയുടെ സ്ഥാനം. ആകെ പതിനൊന്ന് മത്സരങ്ങളിൽ മാത്രമാണ് ഇസ്‌കോ സീസണിൽ ഇത്വുരെ സ്റ്റാർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ എൽ ക്ലാസിക്കോയിൽ പോലും ബെഞ്ചിൽ ഇരിക്കാനായിരുന്നു ഇസ്കൊയുടെ വിധി. ഇതിനിടെയാണ് തന്‍റെ പ്രധിഷേധം ഒരു ട്വീറ്റിന്‍റെ രൂപത്തില്‍ ഇസ്കോ രേഖപ്പെടുത്തിയിരിക്കുന്നത്.

മുന്‍ റയല്‍ മാഡ്രിഡ്‌ മിഡ്ഫീൽഡർ റൂബൻ ലെ റെഡ് കഴിഞ്ഞ ദിവസം ഇസ്‌കോക്കെതിരെ രംഗത്ത് വന്നിരുന്നു. ഇസ്‌കോ മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാത്രമേ ടീമിൽ ഇടം നേടൂ, അതിനായി നന്നായി പ്രയത്നിക്കണം എന്നായിരുന്നു റൂബന്റെ പ്രസ്താവന. ഇതിനു മറുപടിയായാണ് ഇസ്‌കോ ട്വീറ്റ് ചെയ്തത്.

“റൂബന്റെ പ്രസ്താവനയോട് യോജിക്കുന്നു, പക്ഷെ നമ്മുടെ ടീം അംഗങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളുടെ അത്രയും അവസരങ്ങൾ ലഭിച്ചാൽ കാര്യങ്ങൾ എല്ലാം മാറും, എനിക്കും നന്നായി കളിയ്ക്കാൻ കഴിയും” ഇസ്‌കോ പറഞ്ഞു.

“ഞാൻ ഇപ്പോഴും പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്, അവസരങ്ങൾക്ക് കാത്തിരിക്കുകയുമാണ്” – ഇസ്‌കോ കൂട്ടിച്ചേർത്തു.

അതെ സമയം ഇസ്‌കോ റയൽ മാഡ്രിഡ് വിട്ടു പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറും എന്ന് വാർത്തകൾ ഉണ്ടായിരുന്നു.

Advertisement